കല്‍പ്പറ്റ : മണ്‍സൂണ്‍ മഴ ലഭിക്കാത്തതിനെതുടര്‍ന്ന് വയനാട്ടില്‍ 5000 ഏക്കറില്‍ അധികം സ്ഥലത്ത് നെല്‍കൃഷി മുടങ്ങി. 7000 ഏക്കറോളം ഉഴുത സ്ഥലം ഉണങ്ങിയ നിലയിലാണ്. ഇവിടെ മഴ ലഭിച്ചാല്‍ മാത്രമേ വിളവിറക്കാനാവുകയുള്ളൂ. ജൂണ്‍-ജൂലൈ മാസങ്ങളില്‍ ലഭിക്കേണ്ട കാലവര്‍ഷം ജില്ലയില്‍ നാമമാത്രമായിരുന്നു. ആഗസ്റ്റ് രണ്ട് വരെ വയനാട്ടില്‍ 438.6 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. 900 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. 60 ശതമാനം മഴകുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
കാലവര്‍ഷം കുറഞ്ഞ 2016ല്‍ പോലും 500 മില്ലിമീറ്ററില്‍ അധികം മഴ ഇക്കാലയളവില്‍ ലഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ജില്ല കുടിവെള്ള ക്ഷാമത്തിലായിരുന്നു. ജൂണ്‍ മാസത്തില്‍ വരെ ടാങ്കര്‍ ലോറികളില്‍ വെള്ളം വിതരണം ചെയ്തു. മഴ കുറയുന്നതിനെ ഭയാശങ്കയോടെയാണ് വയനാട്ടുകാര്‍ കാണുന്നത്.
കഴിഞ്ഞവര്‍ഷം 10,500 ഹെക്ടര്‍ സ്ഥലത്താണ് നെല്‍കൃഷി ചെയ്തത്. ഊര്‍ജ്ജിത നെല്‍കൃഷി വ്യാപന പദ്ധതി പ്രകാരമാണ് ഇത് സാധ്യമായത്. ബാങ്കില്‍ നിന്നും കുടുംബശ്രി യൂണിറ്റുകളില്‍ നിന്നുമെല്ലാം വായ്പയെടുത്തുമാണ് നെല്‍കര്‍ഷകര്‍ വിത്തിറക്കിയത്. എന്നാല്‍ ഞാറ് പറിക്കാന്‍ പോലും വെള്ളമില്ലാത്ത സാഹചര്യമാണ് വയനാട്ടില്‍. കബനി നദിയുടെ തീരങ്ങളില്‍ പോലും നെല്‍കൃഷി മുടങ്ങിയിരിക്കുകയാണ്. പ്രധാന വനവാസി നെല്ലറയായ ചേകാടിയില്‍ 250 ഏക്കര്‍ സ്ഥലത്ത് കൃഷി മുടങ്ങി.
ജനുവരി മുതല്‍ ഡിസംബര്‍ വരെ ജില്ലയില്‍ 2000 മില്ലീമീറ്റര്‍ മഴ ലഭിക്കണമെന്നാണ് മെറ്റീരിയോളജി ഒബ്സര്‍വര്‍മാര്‍ നല്കുന്ന വിവരം. എന്നാല്‍ തുടര്‍ച്ചയായി ജില്ലയില്‍ വന്‍ മഴക്കുറവാണ് രേഖപ്പെടുത്തുന്നത്. 2014 ജൂണ്‍ -ജൂലൈയില്‍ 165 എംഎം, 2015ല്‍ 713 എംഎം, 2016ല്‍ 516 എംഎം, 2017ല്‍ 252 എംഎം എന്നിങ്ങനെയാണ് ലഭിച്ച മഴയുടെ തോത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: