കാസര്‍കോട്: കുമ്പള ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ സ്റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയെ(52) കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാലുപേര്‍ക്കെതിരെ കുറ്റപത്രം തയ്യാറായി. മുഖ്യപ്രതി ചെങ്കള എടനീര്‍ ചൂരിമൂല ഹൗസിലെ ബി.എം.ഉമറുല്‍ ഫാറൂഖ് (36), മുളിയാര്‍ പൊവ്വല്‍ സ്റ്റോറിലെ നൗഷാദ് ഷെയ്ഖ്(33), ബോവിക്കാനം എട്ടാം മൈലിലെ എ.അബ്ദുല്‍ ആരിഫ്(33), ചെര്‍ക്കള റഹ് മത്ത് നഗറിലെ കെ.അഷ്റഫ്(23) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം തയ്യാറായത്.
ഇവര്‍ക്കെതിരെ കോടതിയില്‍ അടുത്ത ദിവസം തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കാസര്‍കോട് ഡിവൈഎസ്പി എം.വി സുകുമാരന്‍ പറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് മണ്ടേക്കാപ്പില്‍ വെച്ച് ക്ഷേത്ര ഭണ്ഡാരം കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെ ഉമറുല്‍ ഫാറൂഖിനെയും രണ്ട് കൂട്ടാളികളെയും നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് പോലീസില്‍ ഏല്‍പ്പിച്ചതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് പോലീസ് ഭാഷ്യം.
സംഭവം നടന്നത് ബദിയടുക്ക പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ കേസ് അങ്ങോട്ട് കൈമാറുകയും ചെയ്തു. ഈ കേസില്‍ ബദിയടുക്ക പോലീസ് അന്വേഷണം നടത്തി വരികയാണ്. സംഭവത്തിന് ശേഷം പ്രതികള്‍ ചിക്കമംഗളൂര്‍, ഹുബ്ലി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കൊലയ്ക്കുശേഷം കെ എല്‍ 14 ടി 9665 നമ്പര്‍ കാറിലാണ് പ്രതികള്‍ സ്ഥലം വിടുകയായിരുന്നു. കൊല യ്ക്ക് പിന്നിലെ ദുരൂഹതയും പ്രതികള്‍ക്ക് വേണ്ടി നടന്ന വ്യാപകമായ പണപ്പിരിവ് സംബന്ധിച്ചും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: