തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടാന്‍ ചാലക്കുടി നഗരസഭ തീരുമാനിച്ചു. നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
നിര്‍മ്മാണം കഴിഞ്ഞ തീയറ്ററിന് ലൈസന്‍സ് മാത്രമാണ് യുഡിഎഫ് ഭരണത്തിലുള്ള നഗരസഭ ചെയ്തിട്ടുള്ളൂ. ബാക്കി എല്ലാ നടപടി ക്രമങ്ങളും നടത്തിയിരിക്കുന്നത് എല്‍ഡിഎഫ് ആണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. പ്രതിപക്ഷമായ യുഡിഎഫിനെ വെട്ടിലാക്കുവാനാണ് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയതെങ്കിലും ആദ്യം മുതല്‍ തീയറ്റര്‍ നിര്‍മ്മാണത്തിന് വേണ്ട സൗകര്യങ്ങള്‍ നല്‍കിയത് എല്‍ഡിഎഫാണെന്ന കണ്ടെത്തലാണ് എല്‍ഡിഎഫിനെ വെട്ടിലാക്കിയത്.
2006 ലാണ് തീയറ്ററിനായി ദിലീപ് സ്ഥലം വാങ്ങി പോക്ക് വരവ് നടത്തിയിട്ടുള്ളത്. 2007 ലാണ് നിര്‍മ്മാണത്തിനായി അപേക്ഷ നഗരസഭയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇക്കാലഘട്ടത്തില്‍ നഗരസഭയിലും സംസ്ഥാനത്തും ഭരണം എല്‍ഡിഎഫിനായിരുന്നു. സംസ്ഥാന ടൗണ്‍ പ്ലാനര്‍ അംഗീകരിച്ച് നല്‍കിയ അപേക്ഷ പ്രകാരം പെര്‍മിറ്റ് അനുവദിച്ചത് പിന്നീട് വന്ന യുഡിഎഫ് ഭരണ സമിതിയുടെ കാലഘട്ടത്തിലാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ ഇത് സംബന്ധിച്ച് പരാതികളോ, അന്വേഷണ നടപടികളോ ഉണ്ടായിട്ടില്ല.
പുറമ്പോക്ക് ഭൂമിയാണെന്ന് വ്യക്തമായിരിക്കെ അനുമതി നല്‍കിയ ഇരു മുന്നണികളും ഇതോടെ പ്രതിക്കൂട്ടിലാവുകയാണ്.
















