ഇരവിപുരം: പുന്തലത്താഴം ബിവറേജസില്‍ ക്യൂ നില്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ മൂന്ന് പേരെ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജീത ബീഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. കിളികൊല്ലൂര്‍ കല്ലുംതാഴം നക്ഷത്രനഗര്‍ 66 സജുഭവനത്തില് സജീവിന്റെ മകന് സച്ചു എന്ന സജിന്‍ (22), കുണ്ടറ മാമൂട് പ്രവീണ്‍ വിലാസത്തില്‍ പവിത്രന് മകന് പ്രജോഷ് (28), കിളികൊല്ലൂര്‍ മേക്കോണ്‍ കണ്ണന് കോളനിയില്‍ അര്‍ജ്ജുനന്റെ മകന് അനൂപ് (27) എന്നിവരാണ് പോലീസ് പിടിയിലായത്.
മേയ് ആറിന് രാത്രി ഒമ്പതിനാണ് നഗരത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. പുന്തലത്താഴം ബിവറേജസില്‍ മദ്യം വാങ്ങാനുള്ള ക്യൂ നില്‍ക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ കൊല്ലം പട്ടത്താനം സ്വദേശിയായ കുട്ടപ്പന് എന്ന സുമേഷ് അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു.
ബിവറേജസിന് സമീപം കുഴഞ്ഞുവീണ ഇയാളെ സുഹൃത്തുക്കള്‍ ഹോസ്പിറ്റലിലെത്തിക്കുകയും ചികില്‍സയിലിരുന്ന ഇയാള്‍ പിറ്റേ ദിവസം മരണപ്പെടുകയും ചെയ്തു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കൊലപാതകമാണെന്ന് മനസ്സിലായി. എന്നാല്‍ കൊലപാതകത്തെ കുറിച്ച് കണ്ടെത്താന്‍ ഒരു വിവരവും ഇല്ലാതിരുന്ന സാഹചര്യത്തില്‍ ഇരവിപുരം ഇന്‍സ്പെക്ടര്‍ പങ്കജാക്ഷന്റെ നിര്‍ദ്ദേശാനുസരണം ഷാഡോപോലീസ് രഹസ്യമായി നിരീക്ഷണം നടത്തുകയും കൃത്യസ്ഥലത്തെ മൊബൈല്‍ ടവറില്‍ നിന്നും വിവിധ കമ്പനികളുടെ ആയിരകണക്കിനു ഫോണ്‍കാളുകളില്‍ നിന്നും തെരഞ്ഞെടുത്ത നമ്പരുകള്‍ പിന്തുടര്ന്ന് പ്രതികളിലേക്ക് എത്തി. അറസ്റ്റിനെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇരവിപുരം ഇന്‍സ്പെക്ടര്‍ മുമ്പാകെ കുറ്റകൃത്യത്തെ കുറിച്ചും, കൊലപാതകത്തിനും, അതിന് ശേഷവും പ്രതിയെ സഹായിച്ചവരെ പറ്റി വിവരം നല്കി. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റിമാന്റ് ചെയ്ത പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും ഇന്‍സ്പെക്ടര്‍ പങ്കജാക്ഷന് അറിയിച്ചു. കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ജോര്‍ജ്ജ് കോശി, ഇരവിപുരം ഇന്‍സ്പെക്ടര്‍ പങ്കജാക്ഷന്, എഎസ്ഐ ലഗേഷ്, എസ്സിപിഒ സുനില്‍കുമാര്‍, ഷാഡോപോലീസ് അംഗങ്ങളായ മനു, സീനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: