ന്യൂദല്‍ഹി: കേരളത്തില്‍ സിപിഎം താലിബാനിസം അരങ്ങേറുകയാണെന്ന് ലോക്സഭയില്‍ വിമര്‍ശനം. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതില്‍ പിണറായി വിജയന് സര്‍ക്കാര്‍ തികഞ്ഞ പരാജയമായി മാറിയതായും സഭയില്‍ വിമര്‍ശനമുയര്‍ന്നു.
കേരളത്തില്‍ സിപിഎം രാഷ്ട്രീയ എതിരാളികളെ താലിബാന് ശൈലിയില്‍ തുടര്‍ച്ചയായി കൊന്നുകൊണ്ടിരിക്കുകയാണെന്ന് ശൂന്യവേളയില്‍ വിഷയം അവതരിപ്പിച്ച ന്യൂദല്‍ഹി എംപി മീനാക്ഷി ലേഖി കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണത്തിനിടയില്‍ കൊല്ലപ്പെട്ട 14 പ്രവര്‍ത്തകരുടെ പേരുകള്‍ വായിച്ചുകൊണ്ടായിരുന്നു എംപിയുടെ പ്രസംഗം.
പ്രമോദ്, രാമചന്ദ്രന്, സന്തോഷ്, സുജിത് തുടങ്ങിയ നിരവധി പ്രവര്‍ത്തകരാണ് കണ്ണൂരില്‍ കൊല്ലപ്പെട്ടത്. ഇവരുടെ പേരുകള്‍ ആര്‍ക്കും അറിയില്ലായിരിക്കും. എന്നാല്‍ പെഹ്ലു ഖാന്, അഖ്ലാഖ്, ജുനൈദ് തുടങ്ങിയ പേരുകള്‍ എല്ലാവര്ക്കും അറിയാം. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്ക്കിരയായവരാണ് അസഹിഷ്ണുതയുടെ യഥാര്‍ത്ഥ ഇരകള്‍.
ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് കൊല്ലപ്പെട്ട രാജേഷിന്റെ മൃതശരീരത്തില്‍ എണ്‍പതിലേറെ വെട്ടേറ്റ പാടുകളുണ്ടായിരുന്നു. ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതകവും 51 വെട്ടേറ്റ് മരിച്ച വിമത ഇടത് നേതാവ് ചന്ദ്രശേഖരന്റെ കൊലപാതകവും സിപിഎമ്മിന്റെ താലിബാനിസത്തിന്റെ ഉദാഹരണങ്ങളാണ്.
ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരെ മാത്രമല്ല, കണ്ണൂരില്‍ മാത്രം നാല്‍പ്പതിലേറെ കോണ്‍ഗ്രസുകാരാണ് ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളത്. മുസ്ലിംലീഗിന്റെ 7 പേരും എസ്ഡിപിഐയുടെ മൂന്നു പേരും സിപിഎം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു, ലേഖി വിശദീകരിച്ചു.
രോഹിത് വെമുലയുടെ ആത്മഹത്യയെപ്പറ്റി പറയുന്നവര്‍ കേരളത്തില്‍ കൊല്ലപ്പെട്ട നാലു ദളിത് വിഭാഗത്തിലെ പ്രവര്‍ത്തകരെ വിസ്മരിക്കുകയാണെന്ന് ലേഖി പറഞ്ഞു.
സ്ത്രീകള്‍ ഉള്‍പ്പെടെ 51 സ്ത്രീകള്‍ക്ക് നേരേ സിപിഎം അക്രമം നടത്തിയത് കണ്ടില്ലെന്ന് നടിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് ചെകുത്താന്റെ നാടായി മാറി. സിപിഎമ്മുകാര്‍ സിപിഐക്കാരെ വരെ കൊന്നിട്ടുണ്ട്.
മുന്‍ എംപി അബ്ദുള്ളക്കുട്ടി എഴുതിയ പുസ്തകത്തില്‍ പിണറായി വിജയന് ബംഗാള്‍ മോഡല്‍ കൊലപാതകങ്ങള്‍ കേരളത്തില്‍ നടത്തണമെന്ന് ആഹ്വാനം ചെയ്ത കാര്യം സമ്മതിക്കുന്നുണ്ട്. കണ്ണൂരിലെ മൂന്നു ജയരാജന്മാര് ഇന്ന് തിരുവനന്തപുരത്തേക്ക് മാറിയിരിക്കുകയാണ്. ഇതോടെ തിരുവനന്തപുരത്തും സംഘര്‍ഷങ്ങള്‍ അതിരൂക്ഷമായി മാറി, മിനാക്ഷി ലേഖി കുറ്റപ്പെടുത്തി.
സിപിഎമ്മിന്റെ ക്രൂരതകള്‍ വിവരിച്ച് പ്രഹ്ളാദ് ജോഷിയും സഭയില്‍ പ്രസംഗിച്ചു. ബിജെപി എംപിമാരുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ ഇടത് എംപിമാര്‍ തുടര്‍ച്ചയായി ശ്രമിച്ചത് സഭ ബഹളമയമാകാന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: