‘തിരുവല്ല: വരട്ടാര്‍ വീണ്ടെടുപ്പിന് ആവേശം പകരുന്ന പ്രകൃതിയുടെ പരിശുദ്ധിയുള്ള ഹൃദയസ്പര്‍ശിയായ പുനരുജ്ജീവന ഗാനം ജലവിഭവ മന്ത്രി മാത്യു ടി. തോമസിനു സി.ഡി നല്കി മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു.
‘പോരൂ നാട്ടാരേ നാം ഒന്നായി ചേര്‍ന്നീടാം…….. നനവാര്‍ന്നൊരു മണ്ണിന്നായി നദീവീണ്ടുമൊഴുക്കീടാം.കുടിനീരൊഴുകിയ ഒരു ഇടമെല്ലാം മരുഭൂവായി മാറിയതറിയില്ലേ…..’ തുടങ്ങിയ പച്ചപ്പുള്ള വരികള്‍ ഉള്‍പ്പെടുന്നതാണ് പുനരുജ്ജീവന ഗാനം. വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പുനരുജ്ജീവന ഗാനത്തിലെ ഇമ്പമാര്‍ന്ന വരികള്‍. ജനഹൃദയത്തിലേക്ക് വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിന്റെ സന്ദേശം പകരുകയാണ് ഈ ഗാനം. വരട്ടാര്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് തയാറാക്കിയ ഗാനം രചിച്ചത് 2014 15ലെ സംസ്ഥാന ഗാന രചനയ്ക്കുള്ള പുരസ്കാരം നേടിയ ഒ.എസ്. ഉണ്ണികൃഷ്ണനാണ്.
സംഗീത സംവിധാനം ഗിരീഷ് നാരായണന് നിര്‍വഹിച്ചു. ഗിരീഷ് നാരായണനും പവിത്ര പത്മകുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ ഡോക്യുമെന്റേഷന് സിഡിറ്റ് നിര്‍വഹിച്ചു. പ്രകാശന ചടങ്ങില്‍ എംഎല്‍എമാരായ വീണാ ജോര്‍ജ്, കെ.കെ. രാമചന്ദ്രന്‍നായര്‍, ജി. ബീന, ഒ.എസ്. ഉണ്ണികൃഷ്ണന്, ഗിരീഷ് നാരായണന്, മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ആറന്മുള, ചെങ്ങന്നൂര്‍, തിരുവല്ല മണ്ഡലങ്ങളിലൂടെ 13.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒഴുകിയിരുന്ന വരട്ടാര്‍ പ്രകൃതി ചൂഷണങ്ങളും അശാസ്ത്രീയമായി നിര്‍മിച്ച ചപ്പാത്തുകളും മൂലം മൃതാവസ്ഥയിലായിരുന്നു. ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നദിയെ പുനരുജ്ജീവിപ്പിക്കാന്‍ ജനപങ്കാളിത്തത്തോടെ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായിവരികയാണ്. നദിയുടെ ഇരുകരകളിലുമുള്ള ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് വരട്ടാര്‍ പുനരുജ്ജീവനം നടത്തിവരുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: