തിരുവനന്തപുരം: സിപിഎം-ഡിവൈഎഫ്‌ഐ അക്രമികള്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്‌എസ് കാര്യവാഹ് രാജേഷിന്റെ വീട് ദേശീയ പട്ടികജാതികമ്മിഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ.എല്‍ മുരുഗന്‍ സന്ദര്‍ശിച്ചു. പൈശാചികമായ രാഷ്‌ട്രീയ കൊലപാതകമാണ് രാജേഷിന്റേതെന്ന് അദ്ദേഹം പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ നാലു പേര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരല്ല. ഇവര്‍ക്കെതിരെ വകുപ്പ് 325 പ്രകാരം കേസെടുക്കേണ്ടതാണ്. എന്നാല്‍ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന വാദം നിരത്തി ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. റവന്യൂ വകുപ്പില്‍ അപേക്ഷ കൊടുത്താല്‍ ഒരു ദിവസം കൊണ്ട് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാവുന്നതേയുള്ളൂവെന്ന് എല്‍.മുരുഗന്‍ പറഞ്ഞു.
രണ്ട് ദിവസം മുമ്പ് സഹോദരന്‍ രാജീവിനെ അതുല്‍ കിങ്ങിണിയെന്ന ഗുണ്ട ഭീഷണിപ്പെടുത്തിയിരുന്നു. ഇത് രാജീവ് രാജേഷിനോട് പറഞ്ഞിരുന്നു. കൊല നടക്കുമ്പോള്‍ ശ്രീജിത്ത് എന്നയാള്‍ ബോംബെറിഞ്ഞതായും സൂചനയുണ്ട്. എന്നാല്‍ ഇതിനെക്കൊറിച്ചൊന്നും എഫ്‌ഐആറില്‍ യാതൊരുവിധ പരാമര്‍ശവുമില്ല. ഇത് കാണിക്കുന്നത് പോലീസിന്റെ പക്ഷപാതപരമായ നടപടിയെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജേഷിന്റെ അമ്മയേയും അച്ഛനെയും ഭാര്യയെയും ആശ്വസിപ്പിച്ച അദ്ദേഹം തന്റെ അനുശോചനം കുടുംബത്തെ അറിയിക്കുകയും ചെയ്തു. തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിലുള്ള ഗൂഢാലോചന എത്രയും പെട്ടെന്ന് പുറത്തുകൊണ്ടുവരണമെന്നും ഇതിന് നേതൃത്വം നല്‍കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാജേഷിന്റെ അമ്മ ലളിത കുമാരി കമ്മിഷന്‍ വൈസ് ചെയര്‍മാനോട് ആവശ്യപ്പെട്ടു. കുടുംബത്തിലെ ഏക അത്താണിയായിരുന്നു മകന്‍ രാജേഷെന്ന് നിറകണ്ണുകളോടെ അച്ഛന്‍ സുദര്‍ശനനും അറിയിച്ചു.
രാജേഷിന്റെ അരുംകൊല സംബന്ധിച്ച് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ഈ വിഷയത്തില്‍ ഡിജിപി, ചീഫ് സെക്രട്ടറി, പട്ടികജാതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ദേശീയ പട്ടികജാതികമ്മിഷന്‍ വൈസ് ചെയര്‍മാന്‍ അറിയിച്ചു.
















