കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ പോപ്പുലര്‍ഫ്രണ്ട് ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. പാവുമ്പ കാവുള്ളതില്‍ പടീറ്റതില്‍ സുയോധനന്റെ മകന് സുധീഷ് (25), സുഹൃത്ത് തഴവ വിദ്യാഭവനത്തില്‍ വിജയന്റെ മകന് വിഷ്ണു (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് മണപ്പള്ളിയിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ ആക്രമിക്കുകയായിരുന്നു. ഇരുവരെയും കരുനാഗപ്പള്ളി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുലശേഖരപുരം കടത്തൂര്‍ സ്വദേശികളായ ഷാനവാസ്, നജാദ്, അന്‍സര്‍ എന്നിവരാണ് അക്രമം നടത്തിയത്. ആറു മണിയോടെ ബൈക്കില്‍ മണപ്പള്ളിയില്‍ വെല്ലുവിളിയുമായെത്തിയ ഇവര്‍ വാള്, ഇരുമ്പ് പൈപ്പ് തുടങ്ങിയ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കാവിമുണ്ടുടുത്തുനിന്നതിന്റെ പേരിലാണ് സുധീഷിനേയും വിഷ്ണുവിനേയും അക്രമിച്ചത്.
ഇവരെ അടിച്ചുനിലത്തിട്ടതിനുശേഷം ബൈക്കില്‍ രക്ഷപ്പെട്ട അക്രമികള്‍ വഴിപോക്കരെ ഭീഷണിപ്പെടുത്തിയാണ് കടന്നു പോയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കരുനാഗപ്പള്ളി എസ്ഐ: ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയോടെ പ്രതികളെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത പോപ്പുലര്‍ഫ്രണ്ട് അക്രമിസംഘം വിളമ്പുകാരെ അക്രമിച്ചിരുന്നു. ആലുംകടവ് സ്വദേശി അഖില്‍ ഗുരുതരമായ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. കരുനാഗപ്പള്ളി ആശുപത്രിയില്‍ കയറി അഖിലിനെ അക്രമിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തി ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയിരുന്നു.
ഇത്തരം അക്രമങ്ങള്‍ കരുനാഗപ്പള്ളിയില്‍ തുടര്‍ച്ച ആവുകയാണ്. ഭീഷണിയെത്തുടര്‍ന്ന് പലരും പരാതിപ്പെടാന്‍ തയ്യാറാകുന്നില്ല. കരുനാഗപ്പള്ളിയില്‍ കലാപമുണ്ടാക്കാന്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നതായും പരാതി ഉയരുന്നു. ഇവര്‍ക്ക് രാഷ്ട്രീയ അഭയം നല്കാന് ഇരുമുന്നണികളും തയ്യാറാകുന്നതാണ് അക്രമങ്ങള്‍ വര്‍ധിക്കുന്നതിനു പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: