കാസര്‍കോട്: തീരദേശ പോലീസ് പിടിച്ച് കുമ്പള പോലീസിന് കൈമാറിയ പൂഴി കടത്ത് വാഹനങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന രീതിയില്‍ കേസ് വഴിമാറ്റിയത് വിവാദമാകുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരമണിക്കാണ് ഒരു ടാറ്റാ സുമോയും ഓമ്നി വാനും ആരിക്കാടി ഫോര്‍ട്ട് കടവില്‍ നിന്ന് തീരദേശ പോലീസ് പിടിച്ചത്. പൂഴി കടത്തുന്നുണ്ടെന്ന വിവരം ലഭിച്ച തീരദേശ പോലീസ് വാഹനമെടുക്കാതെ രഹസ്യമായി റെയില്‍വെ ട്രാക്ക് വഴി നടന്നെത്തിയാണ് രണ്ട് വാഹനവും പിടിച്ചത്. പോലീസിനെ കണ്ടയുടനെ ഡ്രൈവര്‍മാരും പൂഴി കടത്തുകാരും ഓടിരക്ഷപ്പെട്ടു. രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് കുമ്പള പോലീസിന് കൈമാറുകയായിരുന്നു.
എന്നാല്‍ പെരിങ്കടിയില്‍ ഉപേക്ഷിച്ച നിലയില്‍ വാഹനങ്ങള്‍ കണ്ടെത്തിയെന്ന നിലയിലേക്ക് കേസ് മാറ്റിയെഴുതുകയാണ് കുമ്പള പോലീസ് ചെയ്തതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഉപേക്ഷിച്ച നിലയില്‍ കണ്ട വാഹനം 1500 രൂപ പിഴയടച്ചാല്‍ ഉടമകള്‍ക്ക് വിട്ട് കൊടുക്കാവുന്നതാണ്. പൂഴി കടത്തുന്നതിനിടയില്‍ പിടിച്ചാല്‍ വാഹനം എളുപ്പത്തില്‍ വിട്ടു കിട്ടുകയുമില്ല. പൂഴി മാഫിയയെ സഹായിക്കുന്നതിന് വേണ്ടി കേസ് മാറ്റിയെഴുതിയതെന്ന് പോലീസുകര്‍ തന്നെ രഹസ്യമായി പറയുന്നുണ്ട്. പോലീസ് പിടിച്ച് സ്റ്റേഷനിലെത്തിച്ച വാഹനങ്ങളില്‍ പൂഴിച്ചാക്കുകള്‍ ആദ്യമുണ്ടായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാട്സ് ആപ്പുകളില്‍ പ്രചരിച്ച് വരികയാണ്. സംഭവം വിവാദമാകുമെന്നതായതോടെ ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിലുള്ള രണ്ട് വാഹനങ്ങളും കഴുകി വൃത്തിയാക്കിയ നിലയിലാണ്. അനധികൃതമായി മണല്‍ കടത്തുന്ന പൂഴി മാഫിയയെ പോലീസ് വഴിവിട്ട് സഹായിക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: