ബോവിക്കാനം: എന്റോസള്ഫാന് ദുരിതബാധിതരായ കുട്ടികളെ പരിപാലിക്കുന്നതിന് മൂളിയാര്‍ ബഡ്സ് സ്കൂ ളിന് അഞ്ചുവര്‍ഷം മുമ്പു മുളിയാര്‍ പഞ്ചായത്ത് അനുവദിച്ച മൂന്നുലക്ഷം രൂപ ഗുണഭോക്തൃ കമ്മറ്റി കീശയിലിട്ടതായി പരാതി. സംഭവത്തില്‍ അന്നത്തെ എല്‍ഡിഎഫ് ഭരണ സമിതിയെപ്പോലെ ഇപ്പോഴത്തെ യുഡിഎഫ് ഭരണസമിതിയും പാലിക്കുന്ന മൗനം നാട്ടില്‍ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. എന്റോസള്ഫാന് ദുരിതബാധിതരായ കുട്ടുകളെത്തുന്ന സ്കൂ ളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ പോലും അഞ്ച് വര്‍ഷമായിട്ടും സജ്ജമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്കായിട്ടില്ല.
എന്റോസള്ഫാന് ദുരിതബാധിതരായ കുട്ടികളെ സംരക്ഷിക്കുകയും പുനരധിവാസ പരിപാടിയുടെ ഭാഗമായി അവര്‍ക്കു തൊഴില്‍ പരിശീലനവും വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ ജില്ലയിലെ എന്റോസള്ഫാന് ദുരിതബാധിത പഞ്ചായത്തുകളിലായി എട്ടു ബഡ്സ് സ്കൂളുകള്‍ ആരംഭിച്ചിരുന്നു. ഇത്തരത്തില്‍ അനുവദിച്ച മുളിയാര്‍ പഞ്ചായത്ത് ബഡ്സ് സ്കൂള്‍ ബോവിക്കാനത്തെ പഞ്ചായത്ത് ഓഫീസിനടുത്തെ പഞ്ചായത്തു കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. പഞ്ചായത്ത് ഓഫീസിനടുത്തു പ്രവര്‍ത്തിച്ചിരുന്ന വായനശാലാ കെട്ടിടം കുട്ടികളുടെ പാചകപ്പുരയാക്കുകയുമായിരുന്നു.
45 കുട്ടികളുള്ള ഈ ബഡ്സ് സ്കൂളില്‍ കുട്ടികളെ തൊഴില്‍ പരിശീലിപ്പിക്കാന്‍ ബാങ്ക് ജീവനക്കാരുടെ സംഘടന വന്‍ തുക ചെലവഴിച്ചിരുന്നു. പേപ്പര്‍ പ്ലേറ്റ് നിര്‍മ്മാണ മെഷീന് വാങ്ങി നല്‍കിയിരുന്നു. ഈ മെഷീന് ഇന്നുവരെ പ്രവര്‍ത്തിപ്പിച്ചിട്ടില്ല. മാത്രമല്ല, അതിപ്പോള്‍ തുരുമ്പെടുത്തു നശിക്കുകയാണ്. ബഡ്സ് സ്കൂളിലെ പാചകപ്പുരക്കു ജനലുകളില്ല. പാത്രങ്ങള്‍ വാരിവലിച്ചിട്ടിരിക്കുകയാണ്. പാചകപ്പുരയുടെ മുറ്റത്തു സ്ഥാപിച്ചിട്ടുള്ള ജല വിതരണ പൈപ്പിന്റെ ടാപ്പ് പൊളിഞ്ഞതിനെ തുടര്‍ന്നു പൈപ്പിനുള്ളില്‍ മരക്കഷണം ഇടിച്ചു കയറ്റി വച്ചിരിക്കുന്നു. അതിനടുത്തു നിക്ഷേപിച്ചിട്ടുള്ള മാലിന്യം മഴയില്‍ ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിക്കുന്നു. കൊതുകു ശല്യവും ഇവിടെ രൂക്ഷമായിട്ടുണ്ട്. എന്റോസള്ഫാന് രോഗികളോടുള്ള അവഗണനയില്‍ ഉറഞ്ഞു തുള്ളുന്നതില്‍ പഞ്ചായത്തിലെ ഇരു മുന്നണികളുടെയും പ്രമുഖരെന്നും മുമ്പന്തിയിലായിരുന്നു. എന്നാല്‍ അവരുടെ മൂക്കിന് തുമ്പത്ത് എന്റോസള്ഫാന് ദുരിതബാധിതരായ കുട്ടികള്‍ അവഗണിക്കപ്പെടുന്നതിനെക്കുറിച്ചു അവരൊന്നും പറയുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: