കൊച്ചി: അത്‌ലറ്റ് പി.യു ചിത്ര സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് വിട്ടു. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ കൂടുതല്‍ സമയം തേടിയെങ്കിലും ഹൈക്കോടതി സിംഗിള്‍ ബഞ്ച് അതിന് അനുവദിച്ചില്ല.
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് നടപ്പിലാക്കാതിരുന്നത് ചൂണ്ടിക്കാട്ടിയാണ് പി.യു ചിത്ര ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. അത്‌ലറ്റിക് ഫെഡറേഷനോട് ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും എന്നാല്‍ സമയപരിധി കഴിഞ്ഞതിനാല്‍ ചിത്രയെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട്.
അത്‌ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര ഏജന്‍സിയായതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
















