കാസര്‍കോട്: മതംമാറിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി നിര്‍ദേശം. കാസര്‍കോട് കരിപ്പോടി കണിയാംപാടിയില്‍ നിന്നും കാണാതായ, പിന്നീട് മതം മാറി കണ്ണൂരില്‍ കണ്ടെത്തുകയും ചെയ്ത ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിരയെയാണ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടത്.
മകളെ കാണാനില്ലെന്നു കാട്ടി അച്ഛന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ജസ്റ്റിസ് എ.എം.ഷഫീഖ്, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ആതിരയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കേസിലെ എട്ടാം പ്രതി ഷിറാസിന് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണസംഘം കോടതിയെ ബോധിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ കോടതി ഉത്തരവിട്ടത്. പെണ്‍കുട്ടിക്ക് ആവശ്യമെങ്കില്‍ പോലീസ് സുരക്ഷ നല്‍കാമെന്നും കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചു.
എന്നാല്‍ വീട്ടുകാര്‍ തന്നെ സംരക്ഷണം ഒരുക്കാമെന്ന് ആതിരയുടെ അച്ഛനു വേണ്ടി ഹാജരായ ഹിന്ദു അഡ്വക്കേറ്റ് ഫോറം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തീവ്രവാദ ബന്ധമുള്ളവരുമായി പെണ്‍കുട്ടി ഇടപെടാന്‍ ഒരിക്കലും സാഹചര്യം ഒരുക്കരുതെന്നും കോടതി ബന്ധുക്കളോടു നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിയോട് മാത്രമായി കോടതി സ്വകാര്യമായി ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിന് ശേഷമാണ് വീട്ടുകാര്‍ക്കൊപ്പം വിട്ടുകൊണ്ടുള്ള ഉത്തരവിട്ടത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം ആതിര സ്വദേശമായ ഉദുമയിലേക്ക് പോയി.
പെണ്‍കുട്ടിയെ ഹൈക്കോടതിയില്‍ ഹാജരാക്കുന്നതറിഞ്ഞ് നിരവധി പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകരും കോടതിയിലെത്തിയിരുന്നു. ബേക്കല്‍ സിഐ വി.കെ.വിശ്വഭരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആതിരയെ ഹൈക്കോടതിയില്‍ എത്തിച്ചത്.
പെണ്‍കുട്ടി വീട് വിട്ടിറങ്ങുന്നതിന്റെ തലേദിവസം ഇരിട്ടി സ്വദേശിനിയായ അനീസയും എസ്ഡിപിഐ പ്രവര്‍ത്തകനും കേസിലെ എട്ടാം പ്രതിയുമായ യുവാവ് ആതിരയുമായി സംസാരിച്ചിരുന്നെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആതിരയെ കണ്ടെത്താനുള്ള ആദ്യഘട്ട ശ്രമങ്ങള്‍ നടന്നത്. അനീസയാണ് കേസിലെ നാലാം പ്രതി. അനീസയുടെ മാതാവ് റഹ്യാനത്ത് അഞ്ചാം പ്രതിയാണ്.
എസ്ഡിപിഐ പ്രവര്‍ത്തകന്റെ ഫോണില്‍ നിന്ന് നൂറിലധികം തവണ ആതിരയെ വിളിച്ചതായി പോലീസ് കണ്ടെത്തി.
കണ്ണൂരില്‍ നിന്നും കഴിഞ്ഞദിവസം കണ്ടെത്തിയ ആതിരയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (രണ്ട്)മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് പെണ്‍കുട്ടി പറഞ്ഞു. പരവനടുക്കം മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
















