തിരുവനന്തപുരം: സമാധാന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആട്ടിയിറക്കി. ഇവരെ ആരാണ് ഉള്ളിലേക്കു കടത്തിവിട്ടതെന്ന് മസ്‌കറ്റ് ഹോട്ടലിന്റെ മാനേജരോടു ദേഷ്യത്തോടെ ചോദിച്ചശേഷമാണ് ‘കടക്കൂ പുറത്ത്’ എന്ന് മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ആക്രോശിച്ചത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകാന്‍ പിണറായി കാത്തുനിന്നു. എല്ലാവരും പുറത്തിറങ്ങിയ ശേഷമാണു ഹാളിലേക്കു പ്രവേശിച്ചത്.
മുഖ്യമന്ത്രി ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം ചര്‍ച്ചയ്‌ക്കിരിക്കുന്ന ദൃശ്യം പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം ലഭിച്ചില്ല. ചര്‍ച്ചകളും മറ്റും ആരംഭിക്കുന്നതിനു മുന്നോടിയായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിക്കുന്നത് പതിവു രീതിയാണ്. ചര്‍ച്ച തുടങ്ങുമ്പോള്‍ അവരെ പുറത്തിറക്കും. ഇവിടെ മുഖ്യമന്ത്രി എത്തിയപ്പോള്‍ത്തന്നെ അസ്വസ്ഥനായി ആക്രോശിക്കുകയായിരുന്നു
മസ്‌കറ്റ് ഹോട്ടലിലെ കോണ്‍ഫറന്‍സ് മുറിയിലായിരുന്നു ചര്‍ച്ച. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, സംഭാഗ് കാര്യവാഹ്് ടി. വി. പ്രസാദ് ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് തുടങ്ങിയവരാണ് ചര്‍ച്ചയ്‌ക്കായി ആദ്യമെത്തിയത്. പത്ത് മിനിറ്റിനുശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പം മുഖ്യമന്ത്രിയെത്തി. ഈ സമയത്ത് ബിജെപി നേതാക്കളുടെ ചിത്രം പകര്‍ത്തുന്ന തിരക്കിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. അകത്ത് മാധ്യമപ്രവര്‍ത്തകരുള്ള വിവരം അറിഞ്ഞ മുഖ്യമന്ത്രി അവരെ അകത്തു കയറ്റിവിട്ടവര്‍ക്കെതിരെ കയര്‍ത്തതിനു ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടത്.
ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം ചര്‍ച്ച വിളിക്കേണ്ടിവന്നതിലെ ജാള്യത മുഖ്യമന്ത്രിയുടെ പ്രവൃത്തിയില്‍ പ്രകടമായിരുന്നു. രോഷപ്രകടനം എന്തിനെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗ ശേഷം മറുപടി പറഞ്ഞില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാതെ മുഖ്യമന്ത്രി മടങ്ങുകയായിരുന്നു. ‘കടക്കൂ പുറത്ത്’ എന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശ്രദ്ധയില്‍പെട്ടില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ചോദ്യങ്ങളില്‍നിന്നു കോടിയേരി ഒഴിഞ്ഞുമാറി. ചര്‍ച്ചയിലേക്കു മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ലന്ന വിശദീകരണം പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുണ്ടായി. ദൃശ്യങ്ങള്‍ എടുക്കുവാന്‍ പോലും ആര്‍ക്കും മുഖ്യമന്ത്രിയുടെ അറിയിപ്പു നല്‍കിയിരുന്നില്ലെന്നായിരുന്നു വിചിത്രമായ ആ വിശദീകരണം.
















