കറുകച്ചാല്‍: ഭക്ഷ്യസുരക്ഷാ വകുപ്പും പഞ്ചായത്ത് അധികൃതരും പരിശോധന നടത്തുന്നുണ്ടെങ്കിലും കറുകച്ചാലില്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ എണ്ണമാണ് കൂടുതല്‍. ഭൂരിഭാഗം ഹോട്ടലുകളിലെ പാചകപുര വൃത്തിഹീനമാണ്. ദിവസങ്ങളോളം പഴക്കമുള്ള മത്സ്യമാംസാദികള്‍ ശീതീകരണിയില്‍ സൂക്ഷിച്ചാണ് പാചകം. പാചകപ്പുരകളിലെ വൃത്തിയില്ലായ്‌മ പാറ്റ, എലി, പല്ലി എന്നിവയുടെ വളര്‍ച്ചക്ക് കാരണമാകുന്നു. ഇവയെ നീക്കം ചെയ്യുവാന്‍ ഹോട്ടലുകാര്‍ തയ്യാറാകാറില്ല. വേതനം കുറവായതിനാല്‍ ഭൂരിപക്ഷം അന്യ സംസ്ഥാന തൊഴിലാളികളാണുള്ളത്. തിളച്ച വെള്ളത്തില്‍ പച്ചവെള്ളമൊഴിച്ച വെള്ളമാണ് കുടിക്കാന്‍ തരുന്ന ചൂടുവെള്ളമെന്ന ആക്ഷേപമുണ്ട്. കിണറ്റില്‍ എലി ചത്തു കിടന്നത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹോട്ടലുകാര്‍ അറിഞ്ഞത്. പാതയോരത്തെ തട്ടുകടകളുടെ കാര്യവും വ്യത്യസ്തമല്ല. വഴിയോരത്ത് തുറന്നു വച്ചിരിക്കുന്ന പലഹാരങ്ങളിലും പാത്രങ്ങളിലും വാഹനങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങള്‍ വീഴുന്നത് പതിവ് കാഴ്ചയാണ്.
















