കോട്ടയം: വിശന്ന് വരുന്നവന് അന്നം കൊടുത്താല്‍ മാത്രം പോരാ അത് സന്തോഷത്തോടെയും വൃത്തിയോടെയും ആയിരിക്കണം. ജില്ലയില്‍ തട്ടുകടകള്‍ മുതല്‍ മുന്തിയ ഹോട്ടലുകള്‍ വരെ ഇത് പാലിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ഭക്ഷണം കഴിയ്‌ക്കാന്‍ വരുന്നവരുടെ സംതൃപ്തി ഇവയുടെ നടത്തിപ്പുകാര്‍ കണക്കിലെടുക്കാറില്ല. പകരം ലാഭക്കൊതി മാത്രമാണ് ലക്ഷ്യം വയ്‌ക്കുന്നത്.
നല്ല ഭക്ഷണം മിതമായ വിലയ്‌ക്ക് ലഭിക്കുന്ന ഹോട്ടലുകള്‍ ഉണ്ടെന്ന കാര്യവും മറന്ന് കൂട. എന്നാല്‍ ഭൂരിപക്ഷവും അങ്ങനെയല്ല.
ജില്ലയില്‍ ഹോട്ടലുകളിലെ ശുചിത്വവും ഭക്ഷണത്തിന്റെ ഗുണനിലവാരവും പരിശോധിക്കാന്‍ ചുമതലപ്പെട്ട ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെ ആരോഗ്യ വിഭാഗത്തിന്റെയും പരിശോധന കാര്യക്ഷമമാകുന്നില്ല. മോശം ഭക്ഷണം പിടിക്കപ്പട്ടാല്‍ നിശ്ചിത തുക പിഴയായി ഈടാക്കും. അല്ലെങ്കില്‍ താത്ക്കാലികമായി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. നടപടികള്‍ക്ക് വിധേയമാകുന്നത് ചെറുകിട, ഇടത്തരം ഹോട്ടലുകളാണ്.
അതേ സമയം മുന്തിയ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പരിശോധന നടത്താറില്ലെന്ന ആക്ഷേപം വ്യാപകമാണ്.
















