പത്തനംതിട്ട: ജില്ലയിലെ ചില ഹോട്ടലുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് വൃത്തി ഹീനമായ സാഹചര്യങ്ങളില്‍. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന അടുക്കള, മലിനജലം ഓടയിലേക്കു ഒഴുക്കി വിടുന്നത്, അടുക്കളയിലുടെ പൂച്ചകളും മറ്റും ഓടി നടക്കുന്നു തുടങ്ങിയ വൃത്തിഹീനമായ അന്തരീക്ഷം പല ഹോട്ടലുകളിലും ഇപ്പോഴും ദൃശ്യമാണ്.
ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പലയിടത്തും സൂക്ഷിച്ചു വച്ചിരിക്കുന്നതായുള്ള പരാതികളുമുണ്ട്. മാത്രവുമല്ല ഇത്തരം ഹോട്ടലുകളിലെ ഫ്രിഡ്ജിലും മറ്റും ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് .മാംസവും മറ്റും ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ പാലിക്കേണ്ട ഒരു നിയമവും സുരക്ഷ മുന്‍കരുതലുകളും ഹോട്ടല്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല.
മാംസവും മറ്റും വായു കടക്കാത്ത പ്രത്യേക പാത്രത്തിലോ പ്രത്യേക പ്ലാസ്റ്റിക്ക് കവറിലോ സൂക്ഷിക്കണമെന്നാണ് ചട്ടം. ഇതിന് പുറമെ ഉത്പ്പനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാനായി വച്ച ഡേറ്റും പുറമെ രേഖപ്പെടുത്തണമെന്ന് നിയമം പറയുന്നുണ്ട്. ചില ഹോട്ടലുകളില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്
ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കു ഹെല്‍ത്ത് കാര്‍ഡുകള്‍ വേണമെന്നു നിര്‍ബന്ധമാണ്. എന്നാല്‍ പല തൊഴിലാളികള്‍ക്കും ഇവയില്ല. രജിസ്ട്രേഷനോ ലൈസന്‍സോ ഇല്ലാതെയാണ് ചില ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. മോശം ഭക്ഷണമാണ് ഇത്തരം ഹോട്ടലുകളില്‍ നിന്നും ലഭിക്കുന്നതെന്നും ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളൊന്നും ഇത്തരം ഹോട്ടലുകളില്‍ പാലിക്കപ്പെടുന്നില്ല എന്ന ആക്ഷേപവും ഇത്തരം ഹോട്ടലുകള്ക്കെതിരെയുണ്ട്.
മിക്കയിടങ്ങളിലും ടോയ്ലറ്റ് സംവിധാനങ്ങളില്ല. ചില ഹോട്ടലുകളില്‍ മലിനജലം പുറത്തേക്ക് ഒഴുക്കുന്നതും മാലിന്യം ശരിയായി സംസ്ക്കരിക്കാത്തതും പകര്ച്ചവ്യാധികളുള്പ്പെടെയുള്ളവ പടരുന്നതിന് സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.
എന്നാല്‍ ഭക്ഷണവിലയുടെ കാര്യത്തില്‍ ഹോട്ടലുകളില്‍ തീവെട്ടിക്കൊള്ളയാണ് നടക്കുന്നത്. കീശ കീറുന്ന ബില്‍ കണ്ടാല്‍, തിന്നതെല്ലാം നിന്നനില്പില് ദഹിക്കുന്ന അവസ്ഥയാണുള്ളത്. ഉപഭോക്താക്കളെ ദാക്ഷിണ്യമില്ലാതെയാണ് ചില ഹോട്ടലുകള്‍ ചൂഷണം ചെയ്യുന്നത്.
പൊതുവിപണിയില്‍ സാധനവില കുറഞ്ഞാലും ഒരിക്കല്‍ കൂട്ടിയ ഭക്ഷണവില ഹോട്ടലുകള്‍ കുറയ്ക്കാറില്ല. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലുകളില്‍ നടത്തുന്ന പരിശോധന നിലച്ചതോടെ വൃത്തിയും വെടിപ്പുമില്ലാതെയാണു മിക്കവയും പ്രവര്‍ത്തിക്കുന്നത്.
ഹോട്ടല്‍ ഭക്ഷണ വിലയുടെ കാര്യത്തില്‍ അധികൃതര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്നതാണ് സത്യം. പലരും സ്വന്തം നിലയ്ക്കു വില നിശ്ചയിക്കുന്നു. ശബരിമല സീസണില്‍ വില നിശ്ചയിക്കുന്ന മാതൃകയില്‍ മറ്റു സമയത്തും വില നിയന്ത്രിക്കണമെന്ന് ആവശ്യവും ജില്ലയില്‍ ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: