മുന്തിരിവള്ളികളും ഫാഷന്‍ ഫ്രൂട്ടും പന്തലു തീര്‍ക്കുന്ന മുറ്റം. മള്‍ഗോവയും നീലവും കോട്ടുകോണവു മടക്കം അഞ്ചു തരം മാവുകള്‍. പേര, പപ്പായ, മുള്ളാത്ത, ചെറി, ജാമ്പ, നെല്ലി, ആന മുന്തിരി, പുളിഞ്ചി എന്നുവേണ്ട ഫലവൃക്ഷങ്ങളുടെ നിര തന്നെയുണ്ട് തൊടിയില്‍. പുറം കാഴ്ചകള്‍ക്കപ്പുറം മട്ടുപ്പാവിന് മുകളിലെത്തിയാല്‍ അടുക്കളത്തോട്ടം. ചീര, പയര്‍, വെണ്ട, കത്തിരി, വഴുതലം, കുമ്പളം തുടങ്ങി ഇല്ലാത്തതായി ഒന്നുമില്ല. വിഷമില്ലാത്ത പച്ചക്കറി വിളയിച്ച് ലാഭം കൊയ്യുന്ന കര്‍ഷകന്റെ കൃഷിഭൂമിയെ കുറിച്ചുള്ള വര്‍ണ്ണനകളാണ് ഇതെന്ന് കരുതുന്നുവെങ്കില്‍ തെറ്റി. ഈ മട്ടുപ്പാവിലും തൊടിയിലും വിളയുന്നതൊന്നും വില്‍ക്കാറില്ല. ഇവിടുത്തെ വിളകളെല്ലാം അയലത്തെ അന്‍പതോളം അടുക്കളകളില്‍ സൗജന്യമായി നല്‍കുകയാണ് ഈ കര്ഷകന്.
കാട്ടാക്കട ഉടയന്കുഴി ഇന്ദിരാ സദനത്തില്‍ സജന് (45) മട്ടുപ്പാവില്‍ പച്ചക്കറി കൃഷി തുടങ്ങിയിട്ട് അഞ്ച് വര്‍ഷം പിന്നിടുന്നു. ജൈവവള പ്രയോഗത്തിലൂടെ വിളയിക്കുന്നതെല്ലാം തനി നാടന്‍ പച്ചക്കറികള്‍. പക്ഷേ ഒന്നും വില്‍ക്കാറില്ല. തോട്ടത്തില്‍ വിളയുന്നതില്‍ സ്വന്തം ആവശ്യം കഴിച്ച് മിച്ചമുള്ളവ അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വീതിച്ചു നല്‍കുകയാണ് പതിവ്. നാട്ടുകാര്‍ നാടന്‍ പച്ചക്കറികളുടെ രുചിയറിഞ്ഞ് ക്രമേണ മറ്റുള്ളവരും സ്വന്തമായി അടുക്കളത്തോട്ടം ഉണ്ടാക്കാനാണ് സജന്റെ ഈ പച്ചക്കറി ദാനം. പിന്നെ സഹജീവികള്‍ക്ക് സ്വന്തം അധ്വാനത്തില്‍ ഒരല്പം പങ്കുവയ്ക്കുന്നതിലെ സംതൃപ്തിയും.
ഒരു പരമ്പരാഗത കര്‍ഷക കുടുംബമൊന്നുമല്ലായിരുന്നു സജന്റേത്. അച്ഛന് സുകുമാരന്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. അമ്മ അമ്മുക്കുട്ടിയമ്മ അദ്ധ്യാപികയും. ഒഴിവു സമയങ്ങളില്‍ അച്ഛന് കൃഷിഭൂമിയിലാണ് ചിലവഴിക്കുക. സബ് ഇന്‍സ്പെക്ടറായി വിരമിച്ച അച്ഛന് സുകുമാരനാണ് കൃഷിയുടെ ബാലപാഠം സജന് പകര്‍ന്നു നല്‍കിയത്. അച്ഛന്റെ മരണശേഷം സജന് കൃഷി ഉപജീവനമായി തെരഞ്ഞെടുത്തു. മികച്ച കായിക താരമായിരുന്ന സജന് ഗുസ്തിയില്‍ സംസ്ഥാനതല മത്സരങ്ങളില്‍ വരെ പങ്കെടുത്തിട്ടുണ്ട്. കാര്‍ഷികവൃത്തിയില്‍ സജീവമായതോടെ കായികരംഗം ഉപേക്ഷിക്കുകയായിരുന്നു.
3.5 ഏക്കറോളം ഭൂമിയില്‍ റബ്ബര്‍, ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, വാഴ എന്നിവയും കൃഷി ചെയ്യുന്നുണ്ട് ഇതില്‍ നിന്നുള്ള ആദായമാണ് കുടുംബത്തിനു വേണ്ടി മാറ്റി വയ്ക്കുന്നത്. കഠിനാധ്വാനം ചെയ്യാനുള്ള മനസും, മണ്ണിനെ അറിഞ്ഞുള്ള കൃഷിരീതിയും മാത്രം മതി കൃഷി ലാഭകരമാക്കാനെന്നാണ് സജന് പറുന്നത് ആട്, കോഴി, പശുവളര്‍ത്തലും ഒപ്പമുണ്ട്. ഇവയുടെ കാഷ്ടം പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കും. കീടബാധയ്ക്കും പുഴുക്കളെ തുരത്താനും ഗോമൂത്രത്തില്‍ കാന്താരിമുളക് അരച്ചു ചേര്‍ത്ത മിശ്രിതമാണ് ഉപയോഗിക്കുന്നത്.
സഹജീവി സ്നേഹവും കൃഷിയോടുള്ള താല്പര്യവും ഭാര്യ സന്ധ്യയ്ക്കും പെരുത്തിഷ്ടം. സന്ധ്യയും മക്കളായ പത്താം ക്ലാസുകാരി ദേവിക.എസ്.സജനും ആറാം ക്ലാസുകാരന് ദീപക് എസ്. സജനും കൃഷിയില്‍ സഹായികളായി ഒപ്പമുണ്ട്. തന്റെ കൃഷി രീതികള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും സജന് സന്തോഷമേയുള്ളൂ. ഫോണ്‍: 9495019790.
പ്രതികരിക്കാൻ ഇവിടെ എഴുതുക: