ആലപ്പുഴ: മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഓഫീസ് വരെ ആരോപണ വിധേയമായ പോലീസ് നിയമന തട്ടിപ്പുകേസിന്റെ അന്വേഷണം ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചതില്‍ ദുരൂഹത. ചെന്നിത്തലയുടെ അടുപ്പക്കാരനായ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായതോടെയാണ് അന്വേഷണം നിലച്ചത്.
ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയുടെ ഓഫീസിനും ജീവനക്കാര്‍ക്കും ചില കോണ്‍ഗ്രസുകാര്‍ക്കും തട്ടിപ്പില്‍ ബന്ധമുണ്ടെന്ന് മുഖ്യപ്രതിയായ തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ വീട്ടില്‍ ശരണ്യ (23) കോടതിയില്‍ മൊഴി നല്‍കിയിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം ആ വഴിക്ക് നീങ്ങിയില്ല.
നേരത്തെ പിടിയിലായവരില്‍ അന്വേഷണം ഒതുക്കി. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തത് ഇടതുവലതു മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
തട്ടിപ്പു നടത്തിയ സംഘത്തിലെ സൂത്രധാരനും ചെന്നിത്തലയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് തൃക്കുന്നപ്പുഴ പാനൂര്‍ തറയില്‍ വീട്ടില്‍ നൈസലി(27)നെ 2015 നവംബര്‍ അവസാനമാണ് അറസ്റ്റുചെയ്തത്. പിന്നീട് അന്വേഷണം മുന്നോട്ടു പോയിട്ടില്ല.
ചെന്നിത്തലയുടെ ഹരിപ്പാടുള്ള ഓഫീസിലെ നിത്യസന്ദര്‍ശകനായിരുന്നു ഇയാള്‍. നൈസലാണ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിവിധ രേഖകള്‍ ശരണ്യയ്‌ക്ക് നല്‍കിയത്.
ശരണ്യയുടെ അമ്മാവന്‍ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നൈസലും ശരണ്യയുമായി സൗഹൃദത്തിലായതെന്ന് പറയപ്പെടുന്നു. ചെന്നിത്തലയുടെ ഓഫീസും മന്ത്രിയും സംശയ നിഴലിലായതോടെയാണ് അന്വേഷണം നിലച്ചത്. ക്രൈംബ്രാഞ്ച് എസ്പി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണം എങ്ങുമെത്താതെ പൂട്ടിക്കെട്ടുകയായിരുന്നു.
ശരണ്യ ഹരിപ്പാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ നല്‍കിയ രഹസ്യമൊഴിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിലെത്തി കണ്ടിട്ടുണ്ടെന്നും, മന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസലുമൊന്നിച്ചാണ് രമേശ് ചെന്നിത്തലയെ കണ്ടത്. പിടിയിലായശേഷം മന്ത്രിയുടെ പേര് പറയാതിരിക്കാന്‍ ക്രൈംബ്രാഞ്ച് എസ്പി ഭീഷണിപ്പെടുത്തി. യുവാക്കള്‍ക്ക് പോലീസില്‍ ജോലി തരപ്പെടുത്തുന്നതിനായി ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ സീല്‍ പതിച്ച കത്തുകളാണ് ഉപയോഗിച്ചതെന്നും മൊഴിയിലുണ്ടായിരുന്നു.
പോലീസിലെ വിവിധ തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ശരണ്യയും ഹരിപ്പാട് സ്വദേശി രാജേഷും കോടികള്‍ തട്ടിയെടുത്തുവെന്നാണ് കേസ്. അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കനകക്കുന്ന്, കായംകുളം, കരിലക്കുളങ്ങര, ഹരിപ്പാട് സ്റ്റേഷനുകളിലായി 30 പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നിരന്തരം സമരം നടത്തിയിരുന്ന ഇടതു പാര്‍ട്ടികളും ഇപ്പോള്‍ മൗനത്തിലാണ്. പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്. കേസില്‍ കുറ്റപത്രം പോലും ഇതുവരെ കൊടുത്തിട്ടില്ല. സിപിഎം ഉന്നതര്‍ ആരോപണ വിധേയരായ പി. കൃഷ്ണപിള്ളക്കേസ് അട്ടിമറിച്ചതിന്റെ പ്രത്യുപകാരമായാണ് ഈ കേസ് അട്ടിമറിച്ചതെന്നും ആക്ഷേപം ഉയരുന്നു.
















