മുണ്ടക്കയം: പാട്ടക്കാലാവധി കഴിഞ്ഞിട്ടും റബ്ബര്‍ തോട്ടങ്ങളിലെ മരങ്ങള്‍ മുറിച്ചു മാറ്റാത്തതുമൂലം ടാപ്പിംഗ് തൊഴിലാളികള്‍ പ്രതിസന്ധിയിലായി.
ആയിരത്തോളം വരുന്ന തൊഴിലാളികള്‍ പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയാണ് മലയോര മേഖല നേരിടുന്നത്. മരങ്ങളുടെ വില സര്‍ക്കാരിലേക്ക് കെട്ടിവച്ച ശേഷം മരം മുറിച്ച് മാറ്റി റീപ്ലാന്റ് ചെയ്യാന്‍ അനുവദിക്കണമെന്ന് തോട്ടം ഉടമകള്‍ ആവശ്യപ്പെടുണ്ടങ്കിലും ഇതൊന്നും അധികാരികള്‍ ചെവികൊണ്ടിട്ടില്ല.
രണ്ടുവര്‍ഷമായി വന്‍കിട തോട്ടങ്ങളില്‍ റീപ്ലാന്റിംങ് നടക്കാത്തതാണ് തൊഴില്‍ പ്രതിസന്ധിക്കിടയാക്കുന്നത്.
സംസ്ഥാനത്തെ പതിനായിരക്കണക്കിന് തോട്ടം തൊഴിലാളികളും അനുബന്ധ മേഖലയില്‍ പണിയെടുക്കുന്നവരുമാണ് ഇതോടെ തൊഴില്‍ രഹിതരായിരിക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ഉദ്യോഗസ്ഥന്‍ എം.ജി.രാജമാണിക്യം 2015 മെയില്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായാണ് സ്വകാര്യ തോട്ടം ഉടമകള്‍ കൈവശം വച്ചിരിക്കുന്നതെന്നാണ് ആരോപണം.
ഇതോടെ ഇവിടെനിന്നും റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ സ്വകാര്യ തോട്ടം ഉടമകള്‍ക്കു അധികാരമില്ലെന്ന് കോടതി നിര്‍ദേശിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്‌ക്ക് ആക്കം കൂട്ടാന്‍ കാരണം.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായ വ്യാപിച്ചു കിടക്കുന്ന ഹാരിസണ്‍ മലയാളം കമ്പനി, പെരുവന്താനം ടി ആര്‍ ആന്റ് ടി കമ്പനി, തുടങ്ങിയ റബ്ബര്‍ തോട്ടങ്ങിലാണ് മരങ്ങള്‍ മുറിച്ച് മാറ്റാന്‍ സാധിക്കാത്തത്. ഇവിടങ്ങളില്‍ സ്ഥിരം തൊഴിലാളികളുടെ മൂന്നിരട്ടിയോളം വരും താല്‍ക്കാലിക തൊഴിലാളികള്‍. ആവര്‍ത്തന കൃഷി ആരംഭിക്കുമ്പോഴാണ് ഇവര്‍ക്ക് ജോലി ലഭിക്കുന്നത്.
വന്‍കിട തോട്ടങ്ങളില്‍ വര്‍ഷം തോറും ആവര്‍ത്തന കൃഷി ഉണ്ടാകുമെന്നതിനാല്‍ ഇവര്‍ക്ക് തൊഴില്‍ ലഭിച്ചിരുന്നു. എന്നാല്‍ രണ്ടു വര്‍ഷമായി ഇവര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല.ഇ തോടെ തൊഴിലാളികള്‍ മറ്റ് ജോലി തേടിപ്പോയത് തോട്ടം നടത്തിപ്പിനെയും പ്രതികൂലമായി ബാധിച്ചതായി ഉടമകള്‍ പറയുന്നു.
















