വാക്ക് തോല്‍ക്കുന്നിടത്താവണം കാഴ്ച്ചയെഴുത്ത്. നോട്ടം ഏല്‍ക്കാത്തിടത്ത് അക്ഷരം കൈപിടിക്കാന്‍ വരും. നിഷ്കളങ്കമായ പാപംപോലെ അറിവ് അറിവില്ലായ്മയായി യാത്രയും സഞ്ചാരമൊന്നും നിര്‍വചനത്തിലൊതുങ്ങാത്ത നിര്‍വഹണ സന്ധിയില്‍ ആന്തരികമായൊരു ദേശാടനം പോലെയായിരുന്നു അത്.
പൂര്‍ണ്ണമായെന്നു മായാവിചാരമുണര്‍ത്തുന്ന അര്‍ധവിരാമംപോലെ ഒന്ന്്. പിന്നീടാണ് പൂര്‍ണ്ണമായെന്നറിഞ്ഞത്. സന്നിധിയിലേക്കു ദേവി വിളിക്കുകയായിരുന്നു എന്നാണ് വിശ്വാസം. അല്ലെങ്കില്‍ വേളാങ്കണ്ണിയില്‍ നിന്നും അത്രയൊക്കെ താണ്ടി ഇത്രയ്ക്കങ്ങുപോരുമായിരുന്നോ. രണ്ടിടത്തും അമ്മ. സര്‍വവ്യാപിയായ പ്രപഞ്ച മാതാവ്.
ശിക്ഷിക്കാനും രക്ഷിക്കാനും ശക്തിയുള്ളവള്‍. അതുകൊണ്ടാണ് ഇവിടത്തെ ദേവി മഹിഷാസുര മര്‍ദ്ദിനികൂടിയായത്. തൊഴുതു തൃപ്തിയടഞ്ഞ്് പടിയിറങ്ങുമ്പോഴും വീണ്ടും വിടാതെ ഉള്ളില്‍മുട്ടിവിളിക്കുകയാണ് ഈ ചാമുണ്ഡേശ്വരി ക്ഷേത്രം.
പാര്‍വതി ദേവിയുടെ വിവിധാവതാരങ്ങളിലൊന്നായ ദുര്‍ഗ്ഗയുടെ പേരിലുള്ള ഈ ഹിന്ദുക്ഷേത്രത്തിന് വമ്പിച്ചൊരു പുരാവൃത്ത സമൃദ്ധി തന്നെയുണ്ട്. ആയിരം വര്‍ഷങ്ങളുടെ ഇന്നലെകളില്‍ നിന്നും തോരണം ചാര്‍ത്തുന്നൊരു മഹാസ്മൃതി. അകലെ നിന്നേ കാണാം ആകാശപ്പരപ്പിനോടു മൗനമന്ത്രം ചൊല്ലുന്ന നീണ്ടുവലിപ്പമുള്ളൊരു കുന്നില്‍ നെറുകയിലെ ഗോപുരം ചൂടിയ ചാമുണ്ഡേശ്വരി ക്ഷേത്രം.
മരക്കൂട്ടവും പച്ചപ്പുംപൊതിഞ്ഞു നില്ക്കുന്ന ചാമുണ്ഡിക്കുന്നില്‍ എങ്ങനെ എത്തുമെന്ന് വെറുതെ സംശയിച്ചേക്കാം. വാഹനങ്ങളെക്കുറിച്ച് ഭാവനചെയ്യാത്ത കാലത്തുപോലും അമ്മയെക്കാണാന്‍ ആളുകള്‍ എത്തിയിരുന്നു. അതിനായി ആയിരം പടികള്‍ ക്ഷേത്രത്തിലേക്കുണ്ട്. ഇപ്പോള്‍ അറ്റംവരെ വണ്ടിചെല്ലുമ്പോള്‍ ആ പടികള്‍ ഉപയോഗിക്കുന്നില്ലെന്നുമാത്രം.
300 വര്‍ഷം മുന്‍പ് മൈസൂര്‍ രാജാക്കന്മാര് വെട്ടിയ റോഡാണ്. ഏനം കൂടാത്ത അതുപിന്നെ സൗകര്യങ്ങളുടെ പുതുമയാക്കി. കുന്നില്‍ മുകളിലെത്തുമ്പോഴാണ് മറ്റൊരതിശയം. റെസ്റ്റോറന്റും ഷോപ്പിങ് കേന്ദ്രങ്ങളുമെല്ലാമുള്ള ചെറിയൊരു പട്ടണം. ഒരു ചുള്ളിക്കമ്പോ ഉണക്കയിലയോ പോലും അലസമായിക്കിടക്കാതെ ശുദ്ധിയുടെ ഒരു മാതൃക ചുറ്റുമുണ്ട്.
മൈസൂറ് മുഴുവനുമുണ്ട് ഈ ശുദ്ധിപത്രക്കാഴ്ച. നമ്മുടെ നാട്ടില്‍ ആഹ്വാനങ്ങളിലും പ്രസംഗങ്ങളിലും മാത്രമായി എല്ലാം ശരിയാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നവര്‍ ഇതൊക്കെ കണ്ട് ഏത്തമിടണം.
സമുദ്ര നിരപ്പില്‍നിന്നും 3485 അടി ഉയരമുള്ള ചാമുണ്ഡിക്കുന്നില്‍ ഇത്തരമൊരു ക്ഷേത്രം എങ്ങനെ ഉണ്ടായി എന്നൊക്കെ ഊഹങ്ങളെ വെല്ലുന്ന അമ്പരപ്പരപ്പിലാകും കാഴ്ച്ചക്കാര്‍. വലിയ നീളവും വീതിയും കനവുമുള്ള അനവധി കരിങ്കല്ലുകള്‍ പാകിത്തീര്‍ത്ത ക്ഷേത്രത്തിനകത്തും പുറത്തും ചൂടും തണുപ്പും സമാസമം ചേര്‍ന്നൊരു കാലാവസ്ഥ.
വലിയ ഗോപുര നടയില്‍ നിന്ന് അകത്തേക്ക് ഏതാനും കാല്‍ച്ചുവടുകള്‍ വെച്ചാല്‍ ദേവിയെ തൊഴാം. മനസ്സില്‍ അമ്മയെ പ്രതിഷ്്ഠിച്ച് പുറത്തെ കരിങ്കല്ലുപാകിയ തറയിലൂടെ മൂന്നുപുറവും നടന്നാല്‍ പ്രപഞ്ചമാകെ വലംവെച്ചെന്നു തോന്നും. നമ്മള് ഉള്ളില്‍ തിരഞ്ഞതും നഷ്ടപ്പെട്ടതുമായ തിരിച്ചറിയാനാവാത്ത എന്തോ ഒന്ന്് അപ്പോള്‍ തിരികെകിട്ടും. ക്ഷേത്രം കടന്നു അകലെയാകുമ്പോഴും അതു നമ്മോടൊപ്പമുണ്ട്.
കുന്നില്‍ നിന്നും നോക്കുമ്പോള്‍ മൈസൂര്‍ മുഴുവനും കാണാം. മൈസൂര്‍ കൊട്ടാരവും ആ കാഴ്ചയില്‍ നിറയും. ഇന്നും മൈസൂര്‍ രാജവംശത്തിന്റെ പരിരക്ഷയിലാണ് ക്ഷേത്രം. അവരുടെ പരദേവതയാണ് ചാമുണ്ഡി. പണ്ട് ഇവിടത്തെ ദസറാ ആഘോഷം ഗംഭീരമായിരുന്നു. അലങ്കരിച്ച ആനപ്പുറത്ത് മൈസൂര്‍ രാജാക്കന്മാര് ദേവിയെ എഴുന്നള്ളിച്ചിരുന്നു.
മൈസൂര്‍ കൊട്ടാരത്തിലെ പഴയ ചിത്രങ്ങളില്‍ ചാമുണ്ഡേശ്വരി ക്ഷേത്രവും ആഘോഷങ്ങളും കാണാം.1827ല്‍ മൈസൂര്‍ രാജകുടുംബത്തിലെ കൃഷ്ണരാജ വൊഡേയര്‍ മൂന്നാമന് ക്ഷേത്രം പരിഷ്കരിച്ചു. ചാമുണ്ഡി ദേവിയുടെ ദാസരാണ് വൊഡേയര്‍.
ആത്മവിശ്വാസവും ഭക്ത്യാനുരാഗവുമായി ഉയരങ്ങള്‍ താണ്ടിയെത്താന്‍ പറയുകയാണ് കുന്നിനും മലമുകളിലുമുള്ള നമ്മുടെ ക്ഷേത്രങ്ങള്‍. മനുഷ്യര്‍ക്ക് തങ്ങള്‍ക്കൊപ്പമെത്താനുള്ള ദൈവകരുതലുകള്‍. ചാമുണ്ഡിയെ തൊഴുതിറങ്ങുമ്പോള്‍ വീണ്ടും തിരിച്ചു കയറ്റത്തിനുള്ള കാണാവാഹനമായി മനസ്സ് മാറുന്നുണ്ടോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: