കണ്ണൂര്‍: നഴ്സിങ് വിദ്യാര്‍ഥികളെ സ്വകാര്യ ആശുപത്രികളില്‍ നിര്‍ബന്ധിത ജോലിക്ക് നിയോഗിക്കാനുള്ള കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ സി.പി.എം രംഗത്ത്. കളക്ടറുടെ നടപടിയോട് യോജിക്കുന്നില്ലെന്നും നടപടി പല പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കുമെന്നും സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജന് പറഞ്ഞു.
അതേസമയം, വിവാദ ഉത്തരവ് ജില്ല കളക്ടര്‍ മിര്‍ മുഹമ്മദലി ആവര്‍ത്തിച്ച് ന്യായീകരിച്ചു. ബന്ധപ്പെട്ടവരുമായി ആലോചിച്ചാണ് ഉത്തരവിറക്കിയതെന്നും ആശങ്കയുള്ളവര്‍ സമീപിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും കളക്ടര്‍ പറഞ്ഞു.
കളക്ടറുടെ ഉത്തരവ് തള്ളിപ്പറഞ്ഞ് ഭരണപക്ഷത്തെ രണ്ടാം കക്ഷിയായ സി.പി.ഐ നേരത്തേ രംഗത്തുവന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും നഴ്സിങ് കൗണ്‍സിലും നഴ്സിങ് മേഖലയിലെ സംഘടനകളും കളക്ടര്‍ക്കെതിരാണ്.
ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മാത്രമാണ് കളക്ടറുടെ നടപടി ശരിവെച്ച് സംസാരിച്ചത്. സി.പി.എം കളക്ടറെ തള്ളിപ്പറഞ്ഞതോടെ മന്ത്രിയുടെ പിന്തുണ അപ്രസക്തമായി. ഇതോടെ നഴ്സുമാരുടെ സമരം നഴ്സിങ് വിദ്യാര്‍ഥികളെ ഉപയോഗിച്ച് നേരിടാനുള്ള നീക്കത്തില്‍ കളക്ടര്‍ ഒറ്റപ്പെട്ടു. വിവാദ ഉത്തരവ് കളക്ടര്‍ സ്വന്തം നിലക്ക് പുറപ്പെടുവിച്ചതല്ലെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്കുന്ന വിവരം.
നഴ്സുമാരോട് ഐക്യദാര്‍ഢ്യമുണ്ടെങ്കിലും പനിക്കാലത്തെ പണിമുടക്ക് സമരത്തോട് യോജിക്കുന്നില്ലെന്നാണ് സി.പി.എം നിലപാട്. അതുകൊണ്ടാണ് എസ്മ പ്രയോഗിക്കാമെന്ന ഹൈകോടതി നിര്‍ദേശം നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കാത്തത്.
എന്നാല്‍, നഴ്സിങ് വിദ്യാര്‍ഥികളെ നിര്‍ബന്ധിത ജോലിക്ക് നിയോഗിക്കാനുള്ള കളക്ടറുടെ ഉത്തരവ് വന്നതോടെ, സ്വകാര്യ ആശുപത്രി ഉടമകള്‍ക്കുവേണ്ടി സമരം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ധാരണ പരന്നത് പിണറായി സര്‍ക്കാറിന് ക്ഷീണമായി.
കളക്ടറുടെ അതിരുവിട്ട ഇടപെടല്‍ സി.പി.ഐയും പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റെടുത്ത് സര്‍ക്കാറിനെതിരെ രംഗത്തുവരുകകൂടി ചെയ്ത സാഹചര്യത്തിലാണ് കളക്ടറെ തള്ളിപ്പറയാന്‍ സി.പി.എം ജില്ല സെക്രട്ടറി നിര്‍ബന്ധിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: