ബേബിയുടെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു
മറയൂര്‍(ഇടുക്കി) : കാന്തല്ലൂര്‍ കുണ്ടക്കാട് വാഴപ്പിള്ളില്‍ ഭാനുവിന്റെ മകള്‍ അന്ധയായ ബേബി(30) കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മറയൂര്‍ കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍.
തിങ്കളാഴ്ച വൈകിട്ടാണ് കാന്തല്ലൂരിലെ വീടിന് സമീപത്ത് വച്ച് ബേബിയെയും അമ്മ സരോജനിയെയും കാട്ടാനക്കൂട്ടം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി വൈകി ബേബി മരിച്ചു. പ്രകോപിതരായ നാട്ടുകാര്‍ ഉടുമലൈ-മൂന്നാര്‍ സംസ്ഥാന പാത ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഒരു വിഭാഗം സമരക്കാര്‍ പയസ് നഗര്‍ ഫോറസ്റ്റ് സ്റ്റേഷനും ഉപരോധിച്ചു.
കാട്ടാനകള്‍ ജനവാസമേഖലയിലേക്കിറങ്ങുന്നത് തടയാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് നാട്ടുകാര്‍ ബേബിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച ഉപരോധ സമരം നാല് മണി വരെ നീണ്ടു. ദേവികുളം തഹസീദാര്‍, വി കെ ഷാജി, ഡപ്യൂട്ടി തഹസില്‍ദാര്‍ ജയിംസ് നൈനാന് എന്നിവരുടെ നേതൃത്വത്തില്‍ നേതാക്കളുമായി ചര്‍ച്ചനടത്തി.
കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും ഇറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ റാപിഡ് ഫോഴ്സ് എത്തുമെന്ന് ജില്ല കളക്ടര്‍ ഉറപ്പ് നല്‍കിയതായി തഹസീല്‍ദാര്‍ അറിയിച്ചു. ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ ബഹളമുണ്ടാക്കിയെങ്കിലും ബേബിയുടെ മൃതദേഹം ബലമായി പോലീസ് കുണ്ടക്കാട് വീട്ടിലേക്ക് കൊണ്ടു പോയി. ഇന്നലെ വൈകിട്ട് ബേബിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: