കല്‍പ്പറ്റ : വയനാട് ബാണാസുരസാഗര്‍ അണക്കെട്ടില്‍ കഴിഞ്ഞദിവസം കുട്ടത്തോണി മറിഞ്ഞ് കാണാതായ നാലുപേര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു. നാവിക സേനയിലെ മുങ്ങല്‍വിദഗ്ധര്‍ അടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നത്.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അണക്കെട്ടില്‍ തിരച്ചില്‍ ദുഷ്‌ക്കരമായതിനാല്‍ ജില്ലാ ഭരണകൂടം നാവികസേനയുടെ സഹായം തേടുകയായിരുന്നു. തിങ്കളാഴ്‌ച്ച മുങ്ങല്‍ വിദഗ്ധര്‍ സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്തിന്റെ 300 മീറ്റര്‍ ചുറ്റളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. അസഹ്യമായ തണുപ്പും വെള്ളത്തിന്റെ സാന്ദ്രതയുംമൂലം 40 അടിയില്‍ കൂടുതല്‍ താഴ്ചയിലേക്ക് പോകാന്‍ സാധിക്കുന്നില്ലെന്ന് മുങ്ങല്‍ വിദഗ്ധര്‍ പറഞ്ഞു.
ഞായറാഴ്ച രാത്രി 11 മണിയോടെ മത്സ്യബന്ധനത്തിനായി അണക്കെട്ടിലിറങ്ങിയ ഏഴംഗസംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കുട്ടത്തോണി മുങ്ങുകയായിരുന്നു. കോഴിക്കോട് തുഷാരഗിരി ചെമ്പൂക്കടവ് നെല്ലിപ്പൊയില്‍ സച്ചിന്‍(20), മോളക്കുന്നില്‍ ബിനു(42), മണിത്തൊട്ടി മെല്‍വിന്‍(34), തരിയോട് സിങ്കോണ പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍(44) എന്നിവരെയാണ് കാണാതായത്.
തുഷാരഗിരി ചിറ്റിലപ്പള്ളി ജോബി(35), കോടഞ്ചേരി കൂരാന്തോട് ജോബിന്‍ (22), ചെമ്പൂക്കടവ് പുലക്കുടിയില്‍ മിഥുന്‍(19) എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. ഈ മൂന്നുപേര്‍ക്ക് രക്ഷയായത് ജിഷ്ണു(20) എന്ന വനവാസി ബാലന്റെ മനോധൈര്യവും ധീരതയുമാണ്. നീന്തി പാതിജീവനോടെ തുരുത്തിലെത്തിയവര്‍ക്ക് ദൈവദൂതനായിട്ടാണ് ജിഷ്ണു മാറിയത്.
ഡാമിലെ തുരുത്തില്‍ ആരൊക്കെയെ കുടുങ്ങികിടപ്പുണ്ടെന്ന വിവരത്തെതുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിയോടെ കനത്തമഴയെയും കാറ്റിനെയും വകവെക്കാതെയാണ് മാങ്ങോട്ടില്‍ കോളനിയിലെ ജിഷ്ണു തനിയെ മൂന്നുപേരെയും തുരുത്തില്‍ നിന്നും ചങ്ങാടത്തില്‍ കരയിലെത്തിച്ചത്.
















