തിരുവനന്തപുരം: ചരക്ക് സേവന നികുതി നടപ്പായിട്ടും കേരളത്തില്‍ വ്യാപാരികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍.
വ്യാപാരികളില്‍ ഏറിയ പങ്കും തങ്ങളുടെ ചരക്കുകളില്‍ സേവനങ്ങള്‍ക്ക് ഈടാക്കിയ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എങ്ങനെ നേടിയെടുക്കാമെന്ന ആശങ്കയിലാണ്. ജിഎസ്ടി വരുന്നതിന് മുമ്പ് നികുതി അടച്ച് സാധനങ്ങള്‍ വാങ്ങിയശേഷം വിറ്റഴിക്കാത്തവര്‍ക്ക് കൈയിലുള്ള സ്റ്റോക്കിന്റെ വിവരം, വാര്‍ഷിക കണക്ക്, ലാഭ നഷ്ടക്കണക്ക് , ബാലന്‍സ് ഷീറ്റ് എന്നിവ ഫയല്‍ ചെയ്യുമ്പോള്‍ അടച്ച മൂല്യാധിഷ്ഠിത നികുതി തിരികെ ലഭിക്കുമോ എന്ന് ആശങ്കയുണ്ട്.
എന്നാല്‍ കേന്ദ്ര നികുതിയുടെ കാര്യത്തില്‍ ആറുമാസം മുന്‍പ് വാങ്ങിയ ചരക്കുകളില്‍ അത് ഉല്പാദകനോ ആദ്യ വില്പനക്കാരനോ ആണെങ്കില്‍ എക്സൈസ് ഇന്‍വോയ്സ് ഹാജരാക്കിയാല്‍ തുക മടക്കി ലഭിക്കും. ആദ്യ വില്പനക്കാരനു താഴോട്ടുള്ളവരില് 18 ശതമാനം വരെ നികുതിയുള്ളതില്‍ 40 ശതമാനവും 28 ശതമാനം നികുതിയുള്ളതില്‍ 60 ശതമാനവും വരെ തുക ലഭ്യമാവും. എന്നാല്‍ ഇതിനുള്ള നടപടിക്രമങ്ങളിലെ വ്യക്തതയില്ലായ്മയും അവസരം മുതലാക്കി ലാഭം കൈക്കലാക്കാനുള്ള മോഹവുമാണ് വില കുറയ്ക്കാതിരിക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്. പല ചെറുകിട വ്യാപാരികളും രജിസ്റ്റര്‍ ചെയ്യാത്തിടങ്ങളില്നിന്നു സാധനങ്ങള്‍ വാങ്ങിയതും കണക്കില്‍പ്പെടാതെ സാധനങ്ങള്‍ സൂക്ഷിച്ചതുമൂലവും ജിഎസ്ടിയില്‍ നിന്ന് അകന്നുനില്‍ക്കുകയാണ്.
വാണിജ്യ നികുതി വകുപ്പില്‍ മുമ്പ് ചരക്കു കൈമാറ്റങ്ങളില്‍ ഓരോ മേഖലയിലും പ്രത്യേകം ബില്‍ ഫോര്‍മാറ്റുകള്‍ സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയിരുന്നു. ഇന്ന് സര്‍ക്കാര്‍ 16 ഇന നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി വ്യാപാരികളോട് ബില്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെടുന്നത്. ഇത് ഭാവിയില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് വ്യാപാരികളുടെ നിലപാട്. സര്‍ക്കാര്‍ തന്നെ ഒരു പ്രത്യേക ഫോര്‍മാറ്റ് തയ്യാറാക്കി നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ജിഎസ്ടി നടപ്പാക്കുന്നതിനു സര്‍ക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെയും നികുതിദായകരെയും ജിഎസ്ടിയുമായി ബന്ധിപ്പിക്കുന്ന ശൃംഖല പ്രാവര്‍ത്തികമാക്കുക എന്നതാണ്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിനാണ് ഇതിന്റെ ചുമതല . പൂര്‍ണമായും ജിഎസ്ടി റിട്ടേണ്‍ അപ്ലോഡ് ചെയ്യാനുള്ള സംവിധാനം വന്നാല്‍ മാത്രമേ അതത് ഉപഭോക്താവിന്റെ നികുതി അടവും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റും കൃത്യമായി നിര്‍വഹിക്കപ്പെടുകയുള്ളൂ.
സര്‍ക്കാരിന്റെ മറ്റൊരു വെല്ലുവിളി ഫയലുകളുടെ മേല്‍നോട്ടത്തിലെ വിഭജനമാണ്. ഒന്നരക്കോടി രൂപ വരെ വിറ്റുവരവ് വരുന്ന ഫയലുകള്‍ ജിഎസ്ടി പ്രകാരം 90 ശതമാനം വാണിജ്യനികുതി വകുപ്പും 10 ശതമാനം സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസും കൈകാര്യം ചെയ്യണം. ഒന്നരക്കോടിക്കു മുകളിലുള്ള ഫയലുകള്‍ ഇരു വകുപ്പുകളും തുല്യമായി കൈകാര്യം ചെയ്യണം.
നെറ്റ് വര്‍ക്ക് സംവിധാനം പൂര്ണമായാല് മാത്രമേ ഏതൊക്കെ സ്ഥാപനങ്ങള്‍ വാണിജ്യനികുതിവകുപ്പും ഏതൊക്കെ സ്ഥാപനങ്ങള്‍ സെന്‍ട്രല്‍ എക്സൈസും കൈകാര്യം ചെയ്യണമെന്നതില്‍ ധാരണയാകൂ. ഫലത്തില്‍ ഇതു പ്രാബല്യമാകുന്നതുവരെ ഇത്തരം സ്ഥാപനങ്ങളില്‍ നികുതിവെട്ടിപ്പു സംബന്ധിച്ച പരിശോധനകള്‍ പോലും നടത്താനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: