തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം എംഎല്‍എമാരുടെ മൊഴിയെടുത്തു. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, എം.മുകേഷ് എന്നിവരുടെ മൊഴി എംഎല്‍എ ഹോസ്റ്റലിലെത്തിയാണ് പോലീസ് സംഘം രേഖപ്പെടുത്തിയത്.
എന്നാല്‍ എംഎല്‍എ ഹോസ്റ്റലില്‍ വച്ചു മൊഴിയെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങാതിരുന്ന പോലീസിന്റെ നടപടിയില്‍ സ്പീക്കര്‍ അതൃപ്തി രേഖപ്പെടുത്തി. സ്പീക്കറുടെ എതിര്‍പ്പിനെ തുടര്‍ന്നു എംഎല്‍എ പി.ടി.തോമസിന്റെ മൊഴി രേഖപ്പെടുത്താതെ അന്വേഷണസംഘം മടങ്ങി.
അന്‍വര്‍ സാദത്ത്, മുകേഷ് എന്നീ എംഎല്‍എമാരുടെ മൊഴിരേഖപ്പെടുത്തിയ വിവരം മാധ്യമങ്ങളില്‍ നിന്നാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അറിഞ്ഞത്. ഉടന്‍ തന്നെ അദ്ദേഹം നിയമസഭാ ചീഫ് മാര്‍ഷലിനോട് റിപ്പോര്‍ട്ട് തേടി. ചീഫ് മാര്‍ഷലിന്റെ അന്വേഷണത്തിലാണ് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല എന്ന കാര്യം പോലീസ് അറിയിച്ചത്.
നിയമസഭാ നടപടികള്‍ പാലിക്കാതെ മൊഴിയെടുത്ത പോലീസ് നടപടിയിലെ അതൃപ്തി സ്പീക്കറുടെ ഓഫീസ് ഡിജിപി ലോക്നാഥ് ബെഹ്റയെ അറിയിച്ചു. ഇതോടെ എംഎല്‍എ പി.ടി.തോമസിന്റെ മൊഴിയെടുക്കാനുള്ള നീക്കം അവസാനിച്ചു. അനുമതിക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം 21ന് മൊഴിയെടുക്കാനാണ് തീരുമാനം.
നടിയെ ആക്രമിച്ചസംഭവവുമായി ഒരു ബന്ധവുമില്ലെന്ന് മുകേഷ് മൊഴി നല്കി. ഒരു വര്‍ഷം ഡ്രൈവര്‍ ആയിരുന്നതിനാല്‍ പള്‍സര്‍ സുനിയെ അടുത്തറിയാമെന്ന് മുകേഷ് അന്വേഷണ സംഘത്തോട് പറഞ്ഞു. വീട്ടുകാരുമായും സുനിക്ക് നല്ല ബന്ധമായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.
നടന് ദിലീപുമായുള്ള ബന്ധത്തെക്കുറിച്ചാണ് അന്വര്സാദത്തിനോടു പോലീസ് ചോദിച്ചറിഞ്ഞത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എംഎല്‍എയുടെ വിദേശസന്ദര്‍ശനങ്ങളെക്കുറിച്ചും ചോദിച്ചു. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ദിലീപിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ, പള്‍സര്‍ സുനിയുമായി പരിചയമുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ചോദിച്ചു.
ആക്രമണം നടന്നതിന്റെ അടുത്ത ദിവസങ്ങളില്‍ ദിലീപും അന്‍വര്‍സാദത്ത് എംഎല്‍എയും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വടക്കന്‍ പറവൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്താന്‍ എത്തിയത്. മുന്‍കൂട്ടി ചോദ്യങ്ങള്‍ തയാറാക്കിയായിരുന്നു മൊഴിയെടുക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: