ആലപ്പുഴ: ഹൗസ്ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണത്തില്‍ അപാകത, കോടികള്‍ പാഴാകും. പുന്നമട സ്റ്റാര്‍ട്ടിങ് പോയിന്റ് മുതല്‍ ഫിനിഷിങ് പോയിന്റ് വരെയുള്ള പ്രദേശത്ത് സ്റ്റേ ചെയ്യുന്ന ഹൗസ് ബോട്ടുകള്‍ക്കായി കൈനകരി മീനപ്പള്ളി കായലില്‍ നിര്‍മ്മിക്കുന്ന ടെര്‍മിനല്‍ പാഴ്ചെലവാകാനാണ് സാദ്ധ്യത.
രണ്ടര കോടി മുടക്കി മുക്കാല്‍ ഭാഗത്തോളം പൂര്‍ത്തിയായി. കായലിന്റെ ഉള്‍പ്രദേശങ്ങളില്‍ ഹൗസ് ബോട്ടുകള്‍ സ്റ്റേചെയ്യുന്നതിനായി മെഗാ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരാണ് കൈനകരിയില്‍ ഹൗസ് ബോട്ട് ടെര്‍മിനല്‍ നിര്‍മ്മിച്ചത്. കായലിന് നടുവില്‍ നിര്‍മ്മിച്ചിരിക്കുന്ന ടെര്‍മിനലില്‍ ഹൗസ് ബോട്ടുകള്‍ സ്റ്റേചെയ്താല് കാറ്റ് പിടിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഇത് ബോട്ടുകള്‍ക്ക് വലിയ കേടുപാടുകള്‍ വരുത്തുമെന്നുമാണ് ബോട്ട് ഉടമകള്‍ പറയുന്നത്.
ബോട്ടുകള്‍ തെക്ക് വടക്ക് ദിശയില്‍ കെട്ടാന്‍ സൗകര്യം ഒരുക്കിയിരുന്നെങ്കില്‍ ഈ അവസ്ഥ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. നിര്‍മ്മാണം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും അത് ചെവിക്കൊണ്ടില്ല.
ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത് കിഴക്ക് പടിഞ്ഞാറ് ദിശയില്‍. കാറ്റ് വീശുന്നതാകട്ടെ നേരെ എതിര്‍ദിശയിലാണ്. മീനപ്പള്ളി കായലിന് ചുറ്റും വലിയ പാടശേഖരങ്ങള്‍ ഉള്ളതിനാല്‍ കാറ്റിന്റെ ശക്തി കൂടുതലായിരിക്കും. കാറ്റ് വീശിയടിക്കുമ്പോള്‍ ബോട്ടുകള്‍ കൂട്ടിയിടിക്കും. ബോട്ടുകള്‍ കൂട്ടിയിടിച്ച് പനമ്പും ജനല്‍ ഗ്ലാസുകളുമടക്കം പൊട്ടിപ്പോകും. ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നും ബോട്ട് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ബോട്ടുകള്‍ക്ക് കേടുപാട് ഉണ്ടാകാത്ത തരത്തില്‍ കാറ്റിനെ നിയന്ത്രിക്കാന്‍ സംവിധാനം ഒരുക്കുമെന്നാണ് അധികൃതരുടെ അവകാശവാദം. കായലിന്റെ ഉള്ളിലേക്ക് ഇറക്കി നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് കായല്‍ സൗന്ദര്യം നടന്ന് കാണാനും സൗകര്യം ഉണ്ട്. ആലപ്പുഴ സ്റ്റാര്‍ട്ടിങ് പോയിന്റ് മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെയുള്ള പ്രദേശത്ത് ആയിരത്തോളം ഹൗസ് ബോട്ടുകളാണ് ഇരുകരകളിലുമായി കെട്ടിയിട്ടിരിക്കുന്നത്.
ഇത്തരത്തില്‍ പുന്നമടയിലെ വിവിധ ഭാഗങ്ങളില്‍ കിടക്കുന്ന ഹൗസ് ബോട്ടുകളാണ് കൈനകരിയിലെ മീനപ്പള്ളി കായലിലെ പുതിയ ടെര്‍മിനലിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: