കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ നല്‍കിയ അഭിമുഖത്തില്‍ അപകീര്‍ത്തികരമായ പരാര്‍ശം നടത്തിയെന്ന് സിനിമാ മേഖലയിലെ സ്ത്രീ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ്. ആക്രമണത്തെ അതിജീവിച്ച നടിയുള്‍പ്പെടെയുള്ള വനിതാ സിനിമാ പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്ന സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടിയെടുക്കാന്‍ വനിതാ കമ്മീഷനെ സമീപിക്കുമെന്നും ഡബ്‌ള്യുസിസി വ്യക്തമാക്കി.
കേസിന്റെ ചുമതലക്കാരനായിരുന്ന പോലീസ് മേധാവി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം ഞെട്ടിക്കുന്നതായിരുന്നു. ചലച്ചിത്ര മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്ന തരത്തില്‍ പോലീസ് മേധാവി നടത്തിയ മാന്യതയില്ലാത്ത പരാമര്‍ശത്തെ അപലപിക്കുന്നുവെന്നും ഡബ്‌ള്യുസിസി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
പോലീസ് തങ്ങളുടെ ഇച്ഛാശക്തിയും ആത്മവീര്യവും തെളിയിച്ച് കേസ് അന്വേഷണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ മുന്‍ ഡിജിപിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പരാമര്‍ശങ്ങള്‍ പോലീസ് സേനയ്‌ക്ക് തന്നെ അപമാനമാണ്. അതിക്രമത്തെ സധൈര്യം അതിജീവിച്ച സഹപ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ ഒഴിഞ്ഞു നില്‍ക്കണമെന്നും ഡബ്‌ള്യുസിസി ആവശ്യപ്പെട്ടു.
പോലീസില്‍ ആശയക്കുഴപ്പം
തിരുവനന്തപുരം: മതസ്പര്‍ധ ഉണ്ടാക്കിയെന്ന ആരോപണത്തില്‍ സെന്‍കുമാറിനെതിരെ എടുത്ത കേസില്‍ പോലീസ് വകുപ്പില്‍ ആശയക്കുഴപ്പം. സെന്‍കുമാറിനെതിരെ കടുത്ത നടപടികള്‍ എടുക്കുന്നതിനെതിരെ ഒരുവിഭാഗം ഉദ്യോഗസ്ഥരില്‍ കടുത്ത അസംതൃപ്തിയുണ്ട്. സെന്‍കുമാറിനെതിരായ കേസ് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്നതും സൈബര്‍ പോലീസിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതും ശരിയായ നടപടിയല്ലെന്ന് ഒരുവിഭാഗം പറയുന്നു.
ഐ.ടി.ആക്ട് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കേസില്‍ സൈബര്‍ വിഭാഗത്തിന്റെ അന്വേഷണം എങ്ങനെ നടത്താനാവുമെന്നതാണ് ചിലര്‍ ഉന്നയിക്കുന്ന ചോദ്യം. കേസില്‍ പരാതിക്കാരുടെയും വാരികയുമായി ബന്ധപ്പെട്ടവരുടെയും മൊഴിയെടുത്തശേഷം സെന്‍കുമാറിന്റെ മൊഴിയെടുത്താന്‍ മതിയെന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇതിനിടെ, സെന്‍കുമാര്‍ കോടതിയെ സമീപിക്കുകയാണെങ്കില്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരം നടപടി സ്വീകരിച്ചാല്‍ മതിയാവുമല്ലോ എന്ന കണക്കുകൂട്ടലും പോലീസിനുണ്ട്.
















