തിരുവനന്തപുരം : കിളിരൂര്‍ കേസന്വേഷണത്തില്‍ ഗുരുതരവീഴ്ച വരുത്തി സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥന് ഇടതുസര്‍ക്കാരിന്റെ പാരിതോഷികം. വിവാദ ഉദ്യോഗസ്ഥന് ഐപിഎസ് നല്കാന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സുരേഷ്കുമാറിനാണ് ഈ ആനുകൂല്യം.
കോട്ടയം ജില്ലയിലെ കിളിരൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ടി.വി. സീരിയലുകളില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദുരൂഹ സാഹചര്യത്തില്‍ ഈ കുട്ടി മരിച്ചതാണ് കേസ്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന് പെണ്‍കുട്ടിയെ ഒരു വിഐപി ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് ആരോഗ്യനില വഷളായതെന്ന് പറഞ്ഞിരുന്നു. വിഐപിയുടെ പേര് നാളിതുവരെ വിഎസ് വെളിപ്പെടുത്തിയിട്ടില്ല. കിളിരൂര്‍ കേസിലെ മുഖ്യ പ്രതിയായ ലതാനായര്‍ ഉള്‍പ്പെട്ട കവിയൂര്‍ കേസിലും വിഐപികളുണ്ടെന്ന് ആക്ഷേപമുയര്‍ന്നു. ഒരു മന്ത്രിക്കും രണ്ട് ഇടത് നേതാക്കളുടെ മക്കള്‍ക്കും പങ്കുണ്ടെന്നായിരുന്നു ആക്ഷേപം.
വിവാദമായ കിളിരൂര്‍ കേസ് അന്വേഷിച്ചത് അന്ന് കുമരകം സിഐയായിരുന്ന സുരേഷ്കുമാറാണ്. കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് സുരേന്ദ്രന്റെ പരാതിയില്‍ തിരിമറി നടത്തിയെന്നായിരുന്നു ആക്ഷേപം. കേസിലെ മുഖ്യപ്രതി ലതാനായര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ 2004 ഒക്ടോബര്‍ 7ന് വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജി ആര്. ബസന്ത് അന്വേഷണ ഉദ്യോഗസ്ഥനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.
പെണ്‍കുട്ടിയുടെ അച്ഛന് നല്കിയ പരാതിയുടെ ഒന്നും രണ്ടും പേജുകളും യോജിക്കുന്നില്ലെന്ന് പറഞ്ഞ ഹൈക്കോടതി ഇതില്‍ തിരിമറി നടത്തിയെന്ന് പ്രഥമ ദൃഷ്ട്യാ തന്നെ കണക്കാക്കാമെന്നും പറഞ്ഞു. കേസ് ഡയറിയില്‍ രേഖകളുടെ അഭാവവും കോടതി കണ്ടെത്തി. പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്നതിനാവശ്യമായ അന്വേഷണം പോലും ഉദ്യോഗസ്ഥര്‍ നടത്തിയില്ലെന്നു പറഞ്ഞ ഹൈക്കോടതി ഉദ്യോഗസ്ഥന്റെ നിലപാടുകള്‍ പരിശോധിക്കണമെന്നും പറഞ്ഞു. ഇതേത്തുടര്‍ന്ന് സുരേഷ്കുമാറിനെ സസ്പെന്റ് ചെയ്യുകയായിരുന്നു.
ഇടതുപക്ഷത്തിനും യുഡിഎഫിനും ഒരു പോലെ പ്രിയങ്കരനായ സുരേഷ്കുമാറിന് മികച്ച സേവനത്തിന് കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതിയുടെ അവാര്‍ഡ് വാങ്ങിക്കൊടുത്തത് യുഡിഎഫ് സര്‍ക്കാരാണ്. ഏതൊക്കെ കേസുകളിലെ മികവിനാണ് സുരേഷ്കുമാറിന് അവാര്‍ഡ് ലഭിച്ചതെന്ന് ഇന്നും അതീവ രഹസ്യമാണ്. കിളിരൂര്‍ കേസില്‍ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് സുരേഷ്കുമാറിനെതിരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കേരള പോലീസിന്റെ ചരിത്രത്തില്‍ പോലുമുണ്ടാവില്ല. ഈ റിപ്പോര്‍ട്ട് ഉള്‍പ്പെട്ട ജി 3/92175/2004 നമ്പര്‍ ഫയല്‍ നശിപ്പിച്ചുകളഞ്ഞുവെന്നാണ് ആഭ്യന്തരവകുപ്പില്‍ നിന്നുള്ള മറുപടി.
കിളിരൂര്‍ കേസില്‍ സസ്പെന്ഷന് കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയ സുരേഷ്കുമാര്‍ സര്‍ക്കാരുകള്‍ മാറിമാറി വന്നുവെങ്കിലും തിരുവനന്തപുരത്തുതന്നെ നിലയുറപ്പിച്ചു. 13 വര്‍ഷമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് സുപ്രധാന തസ്തികകളില്‍ ഈ ഉദ്യോഗസ്ഥനുണ്ട്. ഒരു മന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഈ ഉദ്യോഗസ്ഥന്റെ ഭാര്യാ പിതാവ് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ്. ഭാര്യാ പിതാവിന്റെ നിര്‍ണായക ഇടപെടലുകള്‍ ഇദ്ദേഹത്തിന്റെ കാര്യത്തിലുണ്ടെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: