കോഴിക്കോട്: സാക്ഷരതാ പ്രേരക്മാരുടെ വേതനം മുടങ്ങിയിട്ട് മാസങ്ങള്‍. 2017 മാര്‍ച്ച് വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തനതു ഫണ്ടില്‍ നിന്ന് വേതനം നല്‍കുകയും ഫണ്ട് സ്റ്റേറ്റ് നല്കുമ്പോള് സാക്ഷരതാമിഷന്‍ തിരിച്ചു നല്‍കുകയായിരുന്നു പതിവ്. സംസ്ഥാനത്താകെ രണ്ടായിരത്തോളം പ്രേരക്മാരാണുള്ളത്.
2017 ജനുവരി ഏഴ് മുതലാണ് പ്രേരക്മാരുടെ പുതുക്കിയ സേവന വ്യവസ്ഥകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അന്നു മുതല്‍ വേതനം മുടങ്ങിയെന്ന് വരുത്താതിരിക്കാന്‍ ഇടുക്കി, കാസര്‍കോട്, വയനാട് ജില്ലകളില്‍ മാത്രം ഏപ്രില്‍ മാസത്തെ വേതനം നല്കി. ഈ മൂന്ന് ജില്ലകളില്‍ 150 പേരാണ് പ്രേരക്മാരായിട്ടുള്ളതെന്നും കുറവ് സാക്ഷരതാ പ്രവര്‍ത്തകരുള്ള ജില്ലകളെ തെരെഞ്ഞുപിടിച്ചാണ് അധികൃതര്‍ വേതന വിതരണം നടത്തിയതെന്നും ആരോപണം ഉണ്ട്.
നോഡല്‍ പ്രേരകിന് 15,000, പ്രേരക് 12,000, അസി. പ്രേരക് 10,500 എന്നിങ്ങനെയാണ് വേതനം വര്‍ദ്ധിപ്പിച്ചത്. നിലവിലുണ്ടായിരുന്ന ഒാണറേറിയം വ്യവസ്ഥയ്ക്ക് പകരം ദിവസ വേതനമാക്കിയതും പ്രേരക്മാര്‍ക്ക് തിരിച്ചടിയായി. പുതിയ വേതന വ്യവസ്ഥ പ്രഖ്യാപിച്ചതോടെ പ്രേരക്മാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വേതനം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചക്കു പകരം അനുവദിച്ച അവധിദിനമായ തിങ്കളാഴ്ചകളും വേതനം നല്‍കില്ലെന്ന സാക്ഷരതാമിഷന്റെ പുതിയ തീരുമാനം സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. 12,000 പ്രതീക്ഷിച്ച പ്രേരകിന് പതിനായിരത്തില്‍താഴെ മാത്രം ലഭിക്കുന്ന അവസ്ഥ.
നിലവില്‍ പല പഞ്ചായത്തുകളിലും പ്രേരക്മാരില്ല. കൂടുതല്‍ പ്രേരക്മാരുള്ള പഞ്ചായത്തുകളില്‍ നിന്നും പുനര്‍വിന്യസിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ജോലി സമയത്തെ ക്രമീകരണമാണ് മറ്റൊരു പ്രശ്നമായി ചൂണ്ടികാണിക്കപ്പെടുന്നത്. രാവിലെ 11 മുതല്‍ മൂന്നു വരെ തുടര്‍ വിദ്യാകേന്ദ്രത്തിലും തുടര്‍ന്ന് വൈകിട്ട് ഏഴുമണിവരെ ഫീല്ഡുവര്ക്കുമാണ് നിഷ്കര്‍ഷിക്കുന്നത്. ഒരു പ്രേരകിന് നിലവില്‍ അഞ്ച് മുതല്‍ 10 വരെ വാര്‍ഡുകളുടെ ചുമതല വഹിക്കേണ്ട അവസ്ഥയാണ്. ഭൂരിഭാഗവും സ്ത്രീകളാണ്. ഇവര്‍ രാത്രി വൈകിയും ജോലി ചെയ്യണമെന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് പ്രേരക്മാര്‍ പറയുന്നത്.
അധികൃതരുടെ അവഗണനക്കെതിരെ സമരത്തിനൊരുങ്ങുകയാണ് സാക്ഷരാ പ്രവര്‍ത്തക യൂണിയന്. പ്രശ്നത്തിന് ഉടന്‍ പരിഹാരമുണ്ടാക്കമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉറപ്പില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് പ്രേരക്മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: