വിളപ്പില്‍: ‘ശ്രീരാമ നാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ, ശ്രീരാമചരിതം നീ ചൊല്ലിടു മടിയാതെ…’ ഒരു ഗ്രാമം ഭക്തിയോടെ ഏറ്റുചൊല്ലുകയാണ് ഈ രാമായണ ശീലുകള്‍. ഓംകാരം ജപിച്ച്, വാത്മീകിയെ സ്തുതിച്ച് 21 അമ്മമാര്‍ രാമകഥ പാടുന്ന അപൂര്‍വതയ്ക്കാണ് ഇന്നു മുതല്‍ വിട്ടിയം, പുളിയറക്കോണം ഗ്രാമങ്ങള്‍ കാതോര്‍ക്കുന്നത്. ഈ അമ്മമാര്‍ക്ക് രാമായണ പാരായണം കര്‍ക്കടക മാസത്തിലെ വെറുമൊരു ചടങ്ങല്ല.
നാലു വര്‍ഷത്തെ കഠിന തപത്തിലൂടെ മനഃപാഠമാക്കിയ ഇതിഹാസത്തിന്റെ പൊരുളറിയിക്കലാണ്. വീടുകളില്‍ നിന്ന് വീടുകളിലേക്ക് ദേവഗീതി പകര്‍ന്നൊരു യാത്ര. ദേവി ഭാഗവതം, ഭാഗവതം, അദ്ധ്യാത്മരാമായണം എന്നിങ്ങനെ പുരാണ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യാന്‍ പരിശീലനം നേടിയവരാണ് ഈ അമ്മമാര്‍.
ശ്രീഭദ്ര ഭഗവത സംഘം എന്ന പേരില്‍ ഒരു കൂട്ടായ്മ തന്നെയുണ്ട് ഇവര്‍ക്ക്. ബാലഗോകുലം മുന്‍ താലൂക്ക് കാര്യദര്‍ശി വിട്ടിയം അശോക് കുമാറാണ് ഗുരു. കര്‍ക്കടകത്തിലെ രാമായണ മാസാരംഭ ദിവസം മുതല്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഇവര്‍ മുന്‍കൂട്ടി അറിയിക്കുന്ന 60 വീടുകളിലാണ് പാരായണ യജ്ഞവുമായി എത്തുന്നത്. 22 വയസുകാരി ശ്രീദേവിയാണ് ഇളമുറക്കാരി. 80 വയസുള്ള സരസമ്മ സംഘത്തിലെ രാമായണ മുത്തശ്ശി.
നാലു വര്‍ഷം മുന്‍പു വരെ ഇതിഹാസ ഗ്രന്ഥങ്ങള്‍ ഒന്നുമറിച്ചു പോലും നോക്കിയിട്ടില്ലാത്തവര്‍, പലരും വാര്‍ധക്യത്തിന്റെ വിരസതയില്‍ ജീവിതം തളച്ചിട്ടവര്‍, എന്തുകൊണ്ട് ശിഷ്ടജീവിതം ഈശ്വരനാമം ജപിച്ച് കഴിഞ്ഞുകൂടെന്ന തിരിച്ചറിവാണ് അമ്മമാരെ ഭഗവതസംഘത്തിലേക്ക് അടുപ്പിച്ചത്. പുളിയറക്കോണം മൈലാടിയില്‍ വിമുക്തഭടന് രാധാകൃഷ്ണന് നായരുടെ വസതിയില്‍ അമ്മമാര്‍ക്ക് രാമായണ ശീലുകള്‍ ചൊല്ലി പഠിക്കാന്‍ ഇടമൊരുങ്ങി. അതൊരു മാറ്റത്തിന്റെ തുടക്കമായി.
പാരായണ പരിശീലന യൂണിറ്റുകള്‍ ആരംഭിക്കാനാണ് ഭാഗവത സംഘത്തിന്റെ ശ്രമം. രാമകാവ്യം കേട്ടു ജപിക്കുന്നവരല്ല, ചൊല്ലി ഭജിക്കുന്ന സമൂഹമാണ് ഇവരുടെ ലക്ഷ്യം. അതിലേക്കാണ് ഈ യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: