മാനന്തവാടി: മടവൂര്‍ സി എം സെന്ററിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് കെല്ലൂര്‍ പഴഞ്ചേരിക്കുന്നില് മമ്മൂട്ടി മുസ്ലിയാരുടെ മകന് അബ്ദുള്‍ മാജിദിന് കുത്തേറ്റത്.
രാവിലെ 7.30 ന് മാജിദിന് കുത്തേറ്റിട്ടും അധികൃതര്‍ ബന്ധുക്കളെ വിവരമറിയിച്ചത് 9.30 നാണ്. ഇത്തരമൊരു കത്തികുത്ത് നടന്നിട്ടും മാജിദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ല. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ എത്തിക്കുന്നതിന് പകരം ആദ്യം സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഇത് സംബന്ധിച്ച് ഡി ജി പിക്ക് അടക്കം പരാതി നല്കാന് ഒരുങ്ങുകയാണ് ബന്ധുകള്‍. സംഭവത്തിലെ ദുരൂഹത നീക്കാന്‍ ആക്ഷന്‍ കമ്മിറ്റി രൂപികരിക്കാന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍. സിഎം സെന്ററില്‍ സ്കൂള്‍ പഠനത്തോടൊപ്പം ജൂനിയര്‍ ദവ കോളേജില്‍ ശരീയത്ത് പഠനവും നടത്തുകയായിരുന്നു മാജിദ്. വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ ഏഴു വരെയുള്ള മദ്രസാ പഠനം കഴിഞ്ഞ് മറ്റു കുട്ടികളോടൊപ്പം നില്‍ക്കുമ്പോഴാണ് മാജിദിനെ കാസര്‍ഗോഡ് ആദൂര്‍ സ്വദേശി ഷംസുദ്ദീന് കുത്തി പരിക്കേല്‍പ്പിച്ചത്.
അതിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാര്‍ പിടികൂടി കുന്നമംഗലം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മാജിദിനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വയറിന് മുകളില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: