ചാലക്കുടി: ദിലീപിന്റെ ഡി സിനിമാസ് തിയേറ്റര്‍ വിവാദത്തിലേക്ക്. ഭൂമി സംബന്ധിച്ച് അന്വേഷണം നടത്താന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. തിയേറ്ററിനുവേണ്ടി സ്വന്തമാക്കിയ സ്ഥലത്തില്‍ ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമിയാണെന്നാണ് ആക്ഷേപം.
2015 ല്‍ ജില്ലാ കളക്ടര്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും നടപടി ഉണ്ടായില്ല. ചില ഉന്നതരുടെ ഇടപെടലാണ് ദിലീപിനെ അന്ന് രക്ഷിച്ചതെന്നാണ് ഇപ്പോള്‍ ആരോപണമുയരുന്നത്.
കൊച്ചി രാജവംശത്തിന്റെ കോവിലകം വക ഭൂമിയായിരുന്ന ഇത് പിന്നീട് കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലാവുകയായിരുന്നു. സെറ്റില്‍ സര്‍വെ പ്രകാരം ഊട്ടുപുര പറമ്പെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദേശീയപാതയ്ക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഇതില്‍ 25 സെന്റ് പുറമ്പോക്കെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഈ സ്ഥലം എട്ട് ആധാരങ്ങളാക്കി ചില ഇടനിലക്കാര്‍ ദിലീപിന് വില്‍ക്കുകയായിരുന്നു.
രേഖകളില്‍ കൃത്രിമം നടന്നതായി അറിഞ്ഞാണോ ദിലീപ് ഭൂമി വാങ്ങിയതെന്ന് വ്യക്തമല്ല. അതേ സമയം ഭൂമി പോക്കുവരവ് നടത്താന്‍ ദിലീപ് റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ മാനേജരായിരുന്ന അഡ്വ. സന്തോഷ് നല്കിയ പരാതിയിലാണ് കോടതി ആദ്യമായി അന്വേഷണ ഉത്തരവിട്ടത്. എന്നാല്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: