കൊച്ചി: നടന് ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാത്തതിനാല്‍ ഈ മാസം 25 വരെ ദിലീപ് ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ തുടരും. ജാമ്യത്തിന് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. കേസിലെ മറ്റു പ്രതികള്‍ക്കും ജാമ്യം നല്‍കിയിട്ടില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടി.
സമൂഹ മാധ്യമങ്ങളില്‍ പ്രതിക്ക് അനുകൂലമായ പ്രചാരണം നടക്കുന്നുണ്ട്. പ്രതിയുടെ സ്വാധീനം തെളിയിക്കുന്നതാണിതെന്നും പ്രോസിക്യൂഷന് വാദിച്ചു. ദിലീപ് നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും വാദത്തിനിടെ പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ജാമ്യം നല്കിയാല് ആക്രമിക്കപ്പെട്ട നടിയുടെ ഷൂട്ടിങ് സ്ഥലത്തെത്തി അപമാനിക്കാനിടയുണ്ടെന്ന് പോലീസും വ്യക്തമാക്കി. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ദിലീപിനെതിരെയുള്ളത് പള്‍സര്‍ സുനി എന്ന കൊടുംകുറ്റവാളിയുടെ മൊഴി മാത്രമാണെന്നും അത് വിശ്വസിച്ചാണ് പോലീസ് നടപടിയെന്നും പ്രതിഭാഗം വാദിച്ചു. സുനി ജയിലില്‍ നിന്നെഴുതിയ കത്തിലെ കാറിന്റെ നമ്പര്‍ ഗൂഢാലോചനയ്ക്ക് തെളിവാകില്ല. റിമാന്‍ഡ് റിപ്പോര്‍ട്ട് കളവാണ്. സമൂഹത്തിന്റെ വികാരം കേസിനെ ബാധിക്കരുതെന്നും മാധ്യമങ്ങള്‍ മുന്‍കൂട്ടി വിധി നടപ്പാക്കുകയാണെന്നും പ്രതിഭാഗം ആരോപിച്ചു. എന്നാല്‍, ദിലീപ് ചെയ്ത കുറ്റകൃത്യവും തെളിവുകളും ബോധ്യപ്പെടുത്താന്‍ പോലീസ് മുദ്രവെച്ച കവറില്‍ കേസ് ഡയറി കോടതിക്ക് നല്കി. ഇതും പ്രോസിക്യൂഷന് അനുകൂലമായി.
ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. ഫോണുകളും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളും കണ്ടെത്തുന്നതിനായിരുന്നു ഇത്. എന്നാല്‍, ദിലീപിന്റെ രണ്ട് ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. ശാസ്ത്രീയ പരിശോധനയ്ക്കായാണ് ഫോണുകള്‍ നല്‍കിയത്. പോലീസിനെ ഏല്‍പ്പിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന് പറഞ്ഞാണ് പ്രതിഭാഗം ഫോണുകള്‍ കോടതിക്ക് കൈമാറിയത്.
ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി ഈ മാസം 10 നാണ് ദിലീപിനെ പോലീസ് അറസ്റ്റു ചെയ്തത്. 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്ത ദിലീപ് ഒരു ദിവസമാണ് ആലുവ സബ്ജയിലില്‍ കഴിഞ്ഞത്. പിന്നീട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കസ്റ്റഡി കാലാവധി ഇന്നലെ വൈകിട്ട് അഞ്ചിന് അവസാനിക്കുകയും ജാമ്യാപേക്ഷ തള്ളുകയും ചെയ്തതോടെയാണ് വീണ്ടും ജയിലിലായത്.
ദിലീപിന് കണക്കില്‍പ്പെടാത്ത സമ്പാദ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: