തിരുവനന്തപുരം: പോലീസ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനവും മേല്‍നോട്ടവും കൂടുതല്‍ ശക്തമാക്കാന്‍ പോലീസ് ആസ്ഥാനത്ത് ‘പോലീസ് ചീഫ് കണ്ട്രോള് റൂം’ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനപോലീസ് മേധാവി ലോക്നാഥ് ബഹ്റ കണ്ട്രോള് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ക്രമസമാധാനപാലനം, കുറ്റാന്വേഷണം, ഗതാഗതനിയന്ത്രണം തുടങ്ങി വിവിധ പോലീസ് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ കൂടുതല്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ കണ്ട്രോള് റൂം ആരംഭിക്കുന്നതെന്ന് ഉദ്ഘാടനവേളയില്‍ ബഹ്റ പറഞ്ഞു.
ജില്ലാതലത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അപഗ്രഥനം, വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കല്‍, അന്തര്‍ജില്ലാ ഏകോപനത്തിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവരില്‍ എത്തിക്കല്‍, ഗതാഗത നിയന്ത്രണം പോലുള്ള കാര്യങ്ങളില്‍ സംസ്ഥാന തലത്തില്‍ വേണ്ട വിവരങ്ങള്‍ നല്കല്, പോലീസ് ആസ്ഥാനത്തു നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പില്‍വരുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കലും നിരീക്ഷണങ്ങളും തുടങ്ങിയവയാണ് കണ്ട്രോള് റൂം വഴി നിര്‍വഹിക്കുക.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമില്‍ സംസ്ഥാനത്തെ വിവിധ പോലീസ് യൂണിറ്റുകളുമായും ഉദ്യോഗസ്ഥരുമായും തല്‍ക്ഷണം ബന്ധപ്പെടുന്നതിന് ഇന്റര്‍നെറ്റ്, വയര്‍ലസ് ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വനിതാ പോലീസ് ബറ്റാലിയന് കമാന്‍ഡന്റ് ആര്. നിശാന്തിനിയുടെ മേല്‍നോട്ടത്തില്‍ ഒരു എസ്ഐ ഉള്‍പ്പെടെ 10 പേരാണ് കണ്ട്രോള് റൂമില്‍ ഉണ്ടാവുക. സുരക്ഷ, ദുരന്തനിവാരണം, കുറ്റകൃത്യങ്ങള്‍, കമ്മ്യൂണിക്കേഷന്‍, ഓഫീസ് എന്നിങ്ങനെ കണ്ട്രോള് റൂം സംവിധാനത്തെ വേര്‍തിരിച്ചിട്ടുണ്ട്. മറ്റു ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന സമരങ്ങളെ നേരിടുന്നതടക്കമുള്ള പോലീസ് നടപടികള്‍ നേരിട്ട് നിരീക്ഷിക്കാന്‍ കഴിയുന്ന രീതിയിലാണ് കണ്ട്രോള് റൂം വിഭാവനം ചെയ്യുന്നത്.
ഇന്റലിജന്‍സ് ഡിജിപി. ബി.എസ്. മുഹമ്മദ് യാസിന്, ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി ടോമിന് ജെ.തച്ചങ്കരി, ബറ്റാലിയന് എഡിജിപി സുധേഷ് കുമാര്‍, ഐജിമാരായ മനോജ് എബ്രഹാം, ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, ജി. ലക്ഷ്മണ്, വനിത പോലീസ് ബറ്റാലിയന് കമാന്‍ഡന്റ് ആര്.നിശാന്തിനി, എസ്പിമാര്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: