എം.ടി.വാസുദേവന്‍ നായര്‍ക്ക് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിറന്നാള്‍ ആശംസ നേരുന്നു.
വി.ആര്‍.സുധീഷ്, ടി.സിദ്ദിഖ് സമീപം
കോഴിക്കോട്: ആഘോഷങ്ങളില്ലാതെ എം.ടിക്ക് പിറന്നാള്‍ . ശതാഭിഷിക്തനാകുന്നുവെന്ന പ്രത്യേകതയുണ്ടെങ്കിലും ഇത്തവണയും എം.ടി വാസുദേവന്‍ നായര്‍ എന്ന മലയാളിയുടെ പ്രിയപ്പെട്ട കലാകാരന് പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളൊന്നുമുണ്ടായില്ല. കര്‍ക്കിടകത്തിലെ ഉത്രട്ടാതി നക്ഷത്രമാണ് എം.ടിയുടെ ജന്മ തിഥി. നക്ഷത്രമനുസരിച്ച് പിറന്നാള്‍ ആഗസ്റ്റ് 11 നാണ്. ഇന്നലെ വൈകീട്ട് വി. അബ്ദുള്ള അനുസ്മരണ ചടങ്ങിലും, പരിഭാഷാ പുരസ്‌കാര ചടങ്ങിലും പങ്കെടുത്ത് പുരസ്‌കാര സമര്‍പ്പണം നടത്തിയതൊഴിച്ചാല്‍ മറ്റു പൊതു പരിപാടികളൊന്നുമുണ്ടായില്ല.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശംസകളുമായി രണ്ടുമണിയോടെ കൊട്ടാരം റോഡിലെ സിതാരയില്‍ എത്തി. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം വിശ്രമിക്കുകയായിരുന്ന എം.ടി, ഉമ്മന്‍ചാണ്ടി എത്തി യെന്നറിഞ്ഞ് സ്വീകരണമുറിയിലെത്തി. ക്ഷേമാന്വേഷണങ്ങളോടെ ഇരുവരും കുറച്ചു നേരം സംസാരിച്ചു. ഷാള്‍ അണിയിച്ച് ആശംസകള്‍ നേര്‍ന്ന് ഉമ്മന്‍ചാണ്ടി മടങ്ങി.
എം.കെ രാഘവന്‍ എം.പി, പി.വി ഗംഗാധരന്‍, മലയാള മനോരമ എഡിറ്റര്‍ മാമ്മന്‍ മാത്യു, പുരുഷന്‍ കടലുണ്ടി എംഎല്‍എ, വി.ആര്‍ സുധീഷ്, കമാല്‍ വരദൂര്‍, കെ.എസ് വെങ്കിടാചലം, കെ.ടി.സി അബ്ദുല്ല എന്നിവര്‍ ആശംസ നേരാന്‍ എത്തിയിരുന്നു. കെ.എം മാണി എംഎല്‍എ, എം.എ ബേബി, കോടിയേരി ബാലകൃഷ്ണന്‍, നടന്‍ ജയറാം എന്നിവര്‍ ജന്മദിനാശംസകള്‍ അറിയിച്ചു.
ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ബാബു, പി.കെ ഗോപി തുടങ്ങിയവരും ആശംസകള്‍ അറിയിച്ചു.
















