പൂജാ പ്രകാശ് (മധ്യത്തില്‍) കുടുംബത്തോടൊപ്പം
തൊടുപുഴ: സംസ്ഥാന തലത്തില്‍ ബാച്ച്‌ലര്‍ ഓഫ് ഹോമിയോപതിക് മെഡിസിന്‍ ആന്റ് സര്‍ജറി(ബിഎച്ച്എംഎസ്)പരീക്ഷയില്‍ ഒന്നാം റാങ്ക് തൊടുപുഴ സ്വദേശിനിയ്‌ക്ക്. കുമാരമംഗലം ഹരിഭവനില്‍ പൂജാ പ്രകാശാണ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് ഹോമിയോപ്പതിയിലേക്ക് എത്തിയത്.
കോട്ടയം കുറിച്ചി ആതുരാശ്രമം എന്‍എസ്എസ് ഹോമിയോപ്പതി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് പൂജ. പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ച പൂജ പ്ലസ്ടുവിലും മുഴുവന്‍ മാര്‍ക്കും നേടിയിരുന്നു. തൊടുപുഴ ജയറാണി ഇഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പ്ലസ്ടു കുമാരമംഗലം എംകെഎന്‍എംഎച്ച്എസ് സ്‌കൂളിലും.
പ്ലസ് ടു കഴിഞ്ഞപ്പോള്‍ തുടര്‍ന്ന് എന്ത് എന്ന ചോദ്യം വന്നപ്പോള്‍ യാതൊരു സംശയവും കൂടാതെ അച്ഛന്റെയും അമ്മയുടെയും പാത പിന്തുടരുകയായിരുന്നുവെന്ന് ഈ മിടുക്കി പറഞ്ഞു. ഹോമിയോപതി പഠനം വളരെ കാഠിന്യമേറിയതായിരുന്നുവെന്നും പൂജ പറയുന്നു. അച്ഛന്‍ റിട്ട. ഡോ. ആര്‍ പ്രകാശ് (ഗവ. ഹോമിയോ ഡിസ്‌പെന്‍സറി അറക്കുളം).അമ്മ ഡോ. എം എസ് ബീന (ഗവ. ഹോമിയോ ഡിസ്‌പെന്‍സറി അറക്കുളം) സഹോദരി ശ്രദ്ധ ഇതേ കോളജിലെ ഹോമിയോപതി മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ഇളയ സഹോദരി തീര്‍ഥ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. തീര്‍ഥയ്‌ക്കും ഹോമിയോപ്പതിയിലേയ്‌ക്ക് തിരിയാനാണ് താല്‍പര്യം.
















