തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് ഫീസ് പുതുക്കി നിശ്ചയിച്ചതിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ഥികളെ വഞ്ചിക്കുന്നെന്ന് എബിവിപി ദേശീയ സെക്രട്ടറി ഒ. നിധീഷ്.
ജസ്റ്റിസ് ആര്. രാജേന്ദ്രബാബു സമിതി ഫീസ് പുതുക്കിയപ്പോള്‍ നാമമാത്രമായ കുറവ് മാത്രമേ വരുത്തിയിട്ടുള്ളൂ. സര്‍ക്കാര്‍ നടപടി സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തുകയും സ്വാശ്രയ മാനേജ്മെന്റുകളെ കൊഴുപ്പിക്കുകയുമാണ് ചെയ്യുക. ഫീസ് കുറയ്ക്കാത്ത പക്ഷം ശക്തമായസമരം സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
മെഡിക്കല്‍ ഫീസ് വര്‍ധിപ്പിക്കരുത് എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജ്ജിലും ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റിയിലേക്ക് എബിവിപി നടത്തിയ മാര്‍ച്ചില്‍ ദേശീയ സെക്രട്ടറി ഒ.നിധീഷ് അടക്കം എട്ടു പേരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നടത്തിയ വിദ്യാഭ്യാസ ബന്ദ് പൂര്‍ണം.
ചോരയില്‍ മുക്കി സമരത്തെ അടിച്ചമര്‍ത്താന്‍ കഴിയുമെന്ന് പിണറായി സര്‍ക്കാര്‍ കരുതേണ്ടെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് മുന്നറിയിപ്പു നല്കി. സ്വാശ്രയഫീസ് നിരക്കു കുറയ്ക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പി. ശ്യാംരാജ് പറഞ്ഞു. പുഷ്പഗിരി മെഡിക്കല്‍കോളേജിലേക്ക് എബിവിപി മാര്‍ച്ച് നടത്തി. 74 നഗരകേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: