മറയൂര്‍: 200 അടി ഉയരത്തിലുള്ള മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവ് മണിക്കൂറുകള്‍ അധികൃതരെയുംപ്രദേശവാസികളെയും മുള് മുനയില്‍ നിര്‍ത്തി.
മറയൂര്‍ പട്ടംകോളനി സ്വദേശി സഞ്ചു എന്ന് വിളിക്കുന്ന ശശികുമര്‍(33) ആണ് ബാബു നഗര്‍ ജങ്ഷനില്‍ ഉള്ള ടവറില്‍ ഇന്നലെ 11.30ഓടുകൂടി കയറിയത്. പോലീസുകാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയും ഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനില്‍ എത്തിയ തന്നോട് അപമര്യാദയായി പെരുമാറിയെന്നും മര്‍ദ്ദിക്കുകയും ചെയ്തു എന്ന് സഞ്ചു വിളിച്ച് പറയുന്നുണ്ടായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ജോമോന് തോമസ്, വില്ലേജ് ഓഫീസര്‍ ജോര്‍ജ്ജ് പൗലോസ്, അഡീഷണല്‍ എസ്ഐമാരായ കെ സണ്ണിച്ചന്, പ്രകാശ്, റ്റി കെ രാജന് എഎസ്ഐഎംഎം ഹാഷിം എന്നിവര്‍ സ്ഥലത്തെത്തി അനുനയിപ്പിക്കുവാന്‍ നോക്കിയെങ്കിലും വഴങ്ങിയില്ല. ഉയരത്തില്‍ നില്‍ക്കെ കൈവിട്ടും ചാടാന്‍ ശ്രമിച്ചും ജനങ്ങളില്‍ ഭീതി പടര്‍ത്തി. മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്സ് ഉദ്ദോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ടവറിന് ഉയരം കൂടിയതിനാല്‍ അനുനയിപ്പിച്ച് താഴെയിറക്കുവാനെ കഴിയൂ എന്ന് അധികൃതര്‍ക്ക് ബോദ്ധ്യപ്പെട്ടു. ചെറുമഴ എത്തിയിട്ടും നല്ല കാറ്റടിച്ചിട്ടും യുവാവ് വഴങ്ങിയില്ല.
മദ്യപിച്ചിട്ടാണ് ടവറില്‍ കയറിയതെന്നും ചാടുന്നതിന് മുന്‍പ് മദ്യം കഴിക്കുവാന്‍ കരുതിയിട്ടുണ്ടെന്നും ഇയാള്‍ പറയുന്നുണ്ടായിരുന്നു. വഴങ്ങാതെ വന്നപ്പോള്‍ അധികൃതര്‍ തടിച്ചു കൂടിയ ജനത്തെ പൂര്‍ണ്ണമായും സ്ഥലത്തു നിന്ന് ഒഴിവാക്കി. സഞ്ചുവിന്റെ പരാതികള്‍ പരിഹരിക്കാമെന്നും നിയമ പരമായി നടപടികള്‍ ഒന്നും സ്വീകരിക്കുകയില്ല എന്നും വില്ലേജ് ഓഫീസറും, പഞ്ചായത്ത് പ്രസിഡന്റും, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ഉറപ്പിന് മേല്‍ 2.30 യോടെ ഇയാള്‍ സ്വയം താഴെ ഇറങ്ങി. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു സഞ്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: