ബത്തേരി : ബത്തേരി ഡോണ്‍ബോസ്കോ കോളേജ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാരകായുധങ്ങളുമായി അതിക്രമിച്ചുകടക്കല്‍, വധശ്രമം, വസ്തുവകകള്‍ നശിപ്പിക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയത്.
എസ്എഫ്ഐ ജില്ലാസെക്രട്ടറി ജോബിസന് ജെയിംസ്(22), സംസ്ഥാന കമ്മിറ്റിയം ഗം എം.എസ്.ഫെബിന്(25), ഹരികൃഷ്ണന്(21), അര്ജ്ജുന് ഗോപാല്‍ (21), അനസ്(21), ശരത്ത്(19), ജിഷിന് ഷാജി(20), റഷീദ്(22), ഹരിശങ്കര്‍(24), അജ്മല്‍(19), ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ലിജോ ജോണി (31), എ.കെ.ജിതൂഷ് (25), നിധീഷ് തോമസ് (29), എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച്ച കോളേജില്‍ നടന്ന രക്ഷാകര്ത്തൃസമിതിയോഗം ഡോണ്‍ബോസ്കോ കോളേജിനെ രാഷ്ട്രീയരഹിത ക്യാമ്പസായി നിലനിര്‍ത്താന്‍ തീരുമാനിച്ചു. നടപടിക്ക് വിധേയരായ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനംസംബന്ധിച്ച കാര്യങ്ങള്‍ തീരുമാനമെടുക്കുന്നതിന് രക്ഷാകര്ത്താക്കള്ക്കൂടി ഉള്‍പ്പെട്ട അച്ചടക്കസമിതിക്ക് വിട്ടു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ സ്വീകരിക്കുന്നതിന് നിയമോപദേശക സമിതിയെയും ചുമതലപ്പെടുത്തി. യോഗത്തിന് ശേഷം രക്ഷിതാക്കളും അധ്യാപകരും ബത്തേരി ടൗണില്‍ മൗനജാഥ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: