ബെയ്ജിംഗ്: ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകനും സമാധാന നൊബേല്‍ പുരസ്കാര ജേതാവുമായ ലിയു ഷിയവോബോ(61) അന്തരിച്ചു. കരളിന് അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ഷെന്യാംഗിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം.
മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷിയവോബോയെ 2008 മുതല്‍ ചൈന അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. 2009 ഡിസംബറില്‍ അഴിമതിക്കുറ്റം ചുമത്തി ഷിയവോബോയെ 11 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. 2010ല്‍ അദ്ദേഹം നൊബേല്‍ സമാധാനത്തിന് അര്‍ഹനായെങ്കിലും പുരസ്കാരം ഏറ്റുവാങ്ങാന്‍ ചൈനീസ് സര്‍ക്കാര്‍ അനുവദിച്ചില്ല. സമാധാന സമ്മാനം ഷിയവോബോയ്ക്കോ പ്രതിനിധിക്കോ സ്വീകരിക്കാന്‍ കഴിയാത്തതിനാല്‍, വേദിയില്‍ അദ്ദേഹത്തിനായി മാറ്റിവച്ച കസേരയില്‍ പ്രതീകാത്മകമായി പുരസ്കാരം സമര്‍പ്പിക്കുകയായിരുന്നു.
അര്‍ബുദ ബാധിതനായപ്പോഴും ഷിയവോബോയെ വിദഗ്ധ ചികില്‍സയ്ക്കായി വിദേശത്തേക്കു വിടണമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ അഭ്യര്‍ഥന ചൈന നിരാകരിച്ചിരുന്നു. കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഷിയവോബോയ്ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ പരോള്‍ അനുവദിച്ചിരുന്നു. മരണസമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ സമ്മതിക്കുന്നില്ലെന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.
1938ല്‍ നാസികളുടെ കസ്റ്റഡിയിലിരിക്കെ മരിച്ച ജര്‍മന്‍കാരനായ നൊബേല്‍ സമ്മാന ജേതാവ് കാള്‍ വോണ്‍ ഒസിയേറ്റ്സിക്കു ശേഷം കസ്റ്റഡിയില്‍ മരിക്കുന്ന രണ്ടാമത്തെ നൊബേല്‍ സമ്മാന ജേതാവാണ് ഷിയവോബോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: