കൊച്ചി: സംസ്ഥാനത്തെ സിനിമ തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള(എഫ്ഇയുഒകെ)യുടെ പ്രസിഡന്റായി ആന്റണി പെരുമ്പാവൂരിനെ തെരഞ്ഞെടുത്തു. സംഘടനയുടെ പ്രസിഡന്റായിരുന്ന നടന് ദിലീപിനെ നടിയെ തട്ടിക്കൊണ്ടു ആക്രമിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്ത്. എഫ്ഇയുഒകെയുടെ പ്രധാന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ജൂണിലാണ് ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ പിളര്‍ത്തി പുതിയ സംഘടന രൂപീകരിച്ചത്. പ്രവര്‍ത്തനം തുടങ്ങി 15 ദിവസത്തിനുള്ളിലാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. സംഘടന തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായി തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ മേഖലാ യോഗങ്ങള്‍ ചേരുമെന്ന് എഫ്ഇയുഒകെ ജനറല്‍ സെക്രട്ടറി എം.സി. ബോബി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവം നിര്‍ഭാഗ്യകരമാണെന്നും ദിലീപ് നിരപരാധിത്വം തെളിയിച്ചാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് കേസിന്റെ പേരില്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടില്ല. എഫ്ഇയുഒകെയില് വ്യക്തികള്‍ക്കല്ല, സ്ഥാപനങ്ങള്‍ക്കാണ് അംഗത്വമെന്നും എം.സി. ബോബി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: