ശാന്തമ്പാറ: ശാന്തമ്പാറയില്‍ അനധികൃതമായി ശ്മശാനം നിര്‍മ്മിക്കുന്നതിനെതിരെ ക്ഷേത്രം ഭാരവാഹികളുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും ഹിന്ദു ഐക്യവേദിയുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനവും ധര്‍ണ്ണയും നടത്തി. ഗണപതി ക്ഷേത്രത്തിന് സമീപത്തുനിന്നും പ്രകടനമായി എത്തിയവര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണയില്‍ ക്ഷേത്രം ഭരണ സമിതി സെക്രട്ടറി എന്‍ സി ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു.
എസ്എന്‍ഡിപി യോഗം രാജാക്കാട് യൂണിയന് കൗണ്‍സിലര്‍ ജി അജയന് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ ഡി അജയകുമാര്‍, ഹിന്ദു ഐക്യവേദി താലൂക്ക് കണ്‍വീനര്‍ പി കെ സോമന്, ക്ഷേത്രം പ്രസിഡന്റ് തുളസീധരന്‍, കെപിഎംഎസ് നേതാവ് കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിക്കപ്പെട്ട ഗണപതി ക്ഷേത്രത്തിന് സമീപത്തായി മത സൗഹര്ദ്ദത്തിന്റെ പ്രതീകമായി ഒരു മുസ്ലീം ദേവാലയവും സ്ഥാപിച്ച് പ്രവര്‍ത്തിച്ചു വരുന്നു.
അടുത്ത നാളില്‍ പള്ളിപുതുക്കി പണിതതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്നും ഏറെ ദൂരത്തിലല്ലാതെ ജനവാസ മേഖലയോട് ചേര്‍ന്ന് ശ്മശാനം നിര്‍മ്മിക്കുവാന്‍ തുടങ്ങുന്നതിനെതിരെയാണ് വിശ്വാസികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ച് സമരം നടത്തിയത്.
പ്രദേശത്തെ മത സൗഹാര്‍ദ്ദം നിലനിര്‍ത്തുക, ശ്മാശാന നിര്‍മ്മാണം സംബന്ധിച്ച് സബ്കളക്ടര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് നിലനിര്‍ത്തുക, ദൂരപരിധി പാലിക്കുക, ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളും ധര്‍ണ്ണയില്‍ ഉയര്‍ന്നു. ശാന്തന്‍പാറ എസ് ഐ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: