മറയൂര്‍: മറയൂരില്‍ രണ്ട് ദിവസത്തിനിടെ ചന്ദനക്കൊള്ളക്കാര്‍ വെട്ടിക്കടത്തിയത് സ്വകാര്യ ഭൂമിയിലെ ഒന്‍പത് ചന്ദനമരങ്ങള്‍. ഒരു കോടി രൂപ വിപണിവില വരുന്ന മരങ്ങളാണ് മോഷണം പോയത്. വനമേഖലയില്‍ പരിശോധന ശക്തമായതോടെയാണ് സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങളെ ലക്ഷ്യം വെച്ച് മോഷ്ടാക്കള്‍ നീങ്ങുന്നതെന്നാണ് വിവരം.
തിങ്കളാഴ്ച പുലര്‍ച്ചെ മറയൂര്‍ പട്ടംകോളനി നിവാസി പ്രജിത്തിന്റെയും മേല്കരിമുട്ടി വട്ടവയല്‍ റോസ്ലിയുടെയും പുരയിടത്തില്‍ നിന്ന രണ്ട് ചന്ദനമരങ്ങള്‍ വീതമാണ് മോഷണം പോയത്. ചൊവ്വാഴ്ച പുലര്‍ച്ചെ കരിമുട്ടി വട്ടവയലില്‍ വി ജി ആന്റണിയുടെ പുരയിടത്തില്‍ നിന്ന നാല് മരങ്ങളും ബാബുനഗര്‍ സ്വദേശി ഫിലിപ്പോസിന്റെ പുരയിടത്തിലെ ഒരു മരവുമാണ് മോഷണം പോയത്. ഇടുക്കിയില്‍ നിന്നും ഡോഗ്സ്ക്വാഡ് എത്തി പ്രജിത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും സമീപത്തെ കരിമ്പിന്തോട്ടം വരെ ഓടി നായ നില്‍ക്കുകയായിരുന്നു.
വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തിയെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ല. മേഖലയിലാകെ ചില്ലിക്കൊമ്പന് എന്ന കാട്ടാനയുടെ ശല്യമുള്ളതിനാല്‍ രാത്രികാലങ്ങളില്‍ ആരും പുറത്തിറങ്ങാറില്ല. ഇത് മുതലെടുത്താണ് മോഷണം. സംഭവത്തില്‍ നിലവില്‍ പോലീസ് മൂന്ന് കേസ് എടുത്തെങ്കിലും അന്വേഷണം എങ്ങും എത്തിയിട്ടില്ല. മുറിച്ച മരങ്ങള്‍ സമീപത്ത് തന്നെ എവിടെയെങ്കിലും സൂക്ഷിച്ചിരിക്കുവാനാണ് സാധ്യത എന്നാണ് വിവരം. പോലീസും വനംവകുപ്പും കാര്യക്ഷമമായി ഏകോപനത്തോടെ കേസ് അന്വേഷിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: