കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാവില്ലെന്ന് ഹൈക്കോടതി. പ്രതീഷ് ചാക്കോയുടെ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പള്‍സര്‍ സുനി പ്രതീഷിന് നല്‍കിയെന്നാണ് വിവരം.
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിലെ മെമ്മറി കാർഡ് പ്രതീഷിന് കൈമാറിയെന്നായിരുന്നു സുനി നേരത്തെ പോലീസിന് നൽകിയിരുന്ന മൊഴി. ഈ കാർഡ് നശിപ്പിക്കാൻ ശ്രമിച്ചതിലൂടെ തെളിവ് നശിപ്പിക്കാനാണ് പ്രതീഷ് ശ്രമിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാവാൻ പ്രതീഷിന് അന്വേഷണ സംഘം നോട്ടീസ് നൽകിക്കഴിഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതീഷ് ഹൈക്കോടതിയെ സമീപിച്ചത്.
പള്‍സര്‍ സുനിയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഒരു തവണ പ്രതീഷിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതീഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. കേസില്‍ തന്നെ കുറ്റക്കാരനാക്കാനാണ് പോലീസിന്റെ ശ്രമമെന്നാണ് പ്രതീഷിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: