കൊച്ചി: പീഡനം ഏല്‍ക്കുന്ന സ്ത്രീത്വത്തിന്റെ ഭാഗത്ത് നിന്ന് മകനായും സഹോദരനായും അച്ഛനായും ഹൃദയ സ്പര്‍ശിയായ നിലയില്‍ നടന്‍ ദിലീപ് സോഷ്യല്‍ മീഡിയയില്‍ 2016 മെയ്
നാലിന് നല്‍കിയ പോസ്റ്റും യഥാര്‍ത്ഥത്തില്‍ സിനിമാ സ്റ്റൈലിലുള്ളതായിരുന്നോ എന്നും ഇപ്പോള്‍ പൊതുജനം ചര്‍ച്ച ചെയ്യുകയാണ്.
ഉത്തരവാദപ്പെട്ട ഒരു കലാകരനെന്ന നിലയിലാണ് ദിലീപിന്റെ സാന്നിധ്യം ഇത് വായിക്കുന്നവര്‍ക്ക് ബോധ്യപ്പെടുന്നത്. പക്ഷേ പുതിയ ചുറ്റുപാടില്‍ ഇരയ്‌ക്ക് വേണ്ടി വാദിക്കുന്ന പ്രതിയുടെ ആസൂത്രിതമായ വൈരുദ്ധ്യം ഇതില്‍ കാണാന്‍ കഴിയുന്നത് തികച്ചും നടുക്കുന്ന വസ്തുതയാണ്. ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നു എന്ന് തോന്നുമ്പോഴും അതില്‍ സിനിമാ സ്റ്റൈലിലുള്ള ഒരു പ്രതിനായക ശബ്ദം ഉയരുന്നില്ലേ എന്ന് സംശയം. അത്തരം സംശയം ഉണ്ടാക്കുന്നതാണ് ദിലീപിന്റെ പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
നമ്മുടെ നാട് എങ്ങോട്ടാണു പോകുന്നത്? ഓരോ ദിനവും പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ ഭയപ്പെടുത്തുന്ന കഥകളാണ് പുറത്ത് വരുന്നത്, ഒരമ്മയുയുടെ മകൻ എന്ന് നിലയിൽ , ഒരു സഹോദരിയുടെ ഏട്ടൻ എന്ന നിലയിൽ, ഒരു പെൺകുട്ടിയുടെ അച്‌ഛൻ എന്ന നിലയിൽ ഇതെന്നെ ഭയപ്പെടുത്തുകയും, അസ്വസ്ഥനാക്കുകയുംചെയ്യുന്നു.
സ്വന്തം വീടിന്റെ ഉള്ളിൽപ്പോലും ഒരു പെൺകുട്ടി സുരക്ഷിതയല്ല എന്ന തിരിച്ചറിവ് എന്നെപ്പോലെ പെണ്‍മക്കളുള്ള എല്ലാ അച്‌ഛനമ്മമാരുടേയും തീരാവേദനയാണ്. ദൽഹിയും, പെരുമ്പാവൂരും അത്ര ദൂരെയല്ലെന്ന് നമ്മൾ അറിയുന്നു. ആരെയാണു നമ്മൾ രക്ഷകരായ് കാണേണ്ടത്? ഗോവിന്ദച്ചാമിമാർ തിന്നുകൊഴുത്ത് ജയിലുകളിൽ ഇന്നും ജീവനോടെ ഇരിക്കുന്നതിന് ആരാണു കാരണക്കാർ, നമ്മൾ തന്നെ, നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം! അതെ കൊടുംകുറ്റവാളികൾ പോലും നമ്മുടെ നിയമവ്യവസ്ഥയുടെ “ലൂപ്പ് ഹോൾസി”ലൂടെ ആയുസ്സ് നീട്ടിക്കൊണ്ടു പോകുന്നു, അതുകൊണ്ടുതന്നെ കൊടുംക്രൂരതകൾ വീണ്ടും അരങ്ങേറുന്നു, ഇതിനൊരു മാറ്റം വേണ്ടേയെന്നും ദിലീപ് ചോദിക്കുന്നു.
കാലഹരണപ്പെട്ട നിയമങ്ങൾമാറ്റിയെഴുതപ്പെടണം. കൊടും കുറ്റവാളികൾ എത്രയും പെട്ടന്ന് തന്നെ ശിക്ഷിക്കപ്പെടണം, ആ ശിക്ഷ ഓരോകുറ്റവാളിയും ഭയപ്പെടുന്നതാവുകയും വേണം, ഇരയോട് വേട്ടക്കാരൻ കാണിക്കാത്ത മനുഷ്യാവകാശം, വേട്ടക്കാരനോട് നിയമവും സമൂഹവും എന്തിനുകാണിക്കണം. നിയമങ്ങൾ കർക്കശമാവണം, നിയമം ലംഘിക്കുന്നവന് ശിക്ഷിക്കപ്പെടുമെന്ന ഭയം ഉണ്ടാവണം എങ്കിലേ കുറ്റങ്ങൾക്കും, കുറ്റവാളികൾക്കും കുറവുണ്ടാവൂ. എങ്കിലെ സൗമ്യമാരും, നിർഭയമാരും, ജിഷമാരും ഇനിയും ഉണ്ടാവാതിരിക്കൂ. അതിന് ഒറ്റയാൾ പോരാട്ടങ്ങളല്ല വേണ്ടത് എല്ലാ രാഷ്‌ട്രീയപ്പാർട്ടികളും, സാമൂഹ്യ, സാംസ്കാരികപ്രവർത്തരും ചേർന്നുള്ള ഒരു മുന്നേറ്റമാണ്. ഇത് ഞാൻ പറയുന്നത് എനിക്കുവേണ്ടി മാത്രമല്ല, പെണ്‍ മക്കളുള്ള എല്ലാ അച്ഛനമ്മമാർക്കും വേണ്ടിയാണ്.
















