കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റില്‍. കേസില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനി നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യാനായി വീണ്ടും വിളിച്ചു വരുത്തിയശേഷം ദിലീപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗൂഢാലോചന സംബന്ധിച്ച കേസിലാണ് അറസ്റ്റെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ട് പോലീസിന് പുതിയ തെളിവുകള്‍ ലഭിച്ചതായും സൂചനയുണ്ട്.
കൊച്ചിയില്‍ ഒരു ചിത്രത്തിന്റെ ഡബ്ബിങ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് നടിയെ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തത്. നടി നല്‍കിയ പരാതിയെ തുടര്‍ന്ന് ആദ്യം പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദേശീയതലത്തില്‍ത്തന്നെ കോളിളക്കമുണ്ടാക്കിയ കേസില്‍, നാലര മാസം പിന്നിടുമ്പോഴാണ് ദിലീപിന്റെ അറസ്റ്റ്. സംഭവം പുറത്തറിഞ്ഞതു മുതല്‍ സംശയത്തിന്റെ നിഴലിലായിരുന്ന ദിലീപ്, സംഭവത്തില്‍ തനിക്കു പങ്കില്ലെന്ന നിലപാടിലായിരുന്നു.
കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുമായുള്ള ബന്ധമാണ് ദിലീപിന് വിനയായത്. അറസ്റ്റിലായ പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു ദിലീപ് ആദ്യം പറഞ്ഞത്. എന്നാല്‍, പിന്നീട് ദിലീപിന്റെ ഒരു ചിത്രത്തിന്റെ സെറ്റില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ കൂടുതല്‍ തെളിവ് ലഭിച്ചു.
ഇതിനുശേഷം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വ്യാപാര സ്ഥാപനത്തിലും വീട്ടിലും പോലീസ് റെയ്ഡ് നടത്തി. ഈ പരിശോധനയില്‍ ദിലീപിന്റെ അറസ്റ്റിലേയ്‌ക്ക് നീളുന്ന നിര്‍ണായകമയ തെളിവുകളാണ് പോലീസിന് ലഭിച്ചത്.
















