കൊച്ചി: ജിഎസ്ടി നിലവില്‍ വന്നതോടെ സ്വര്‍ണ്ണം വില പവന് 1160 രൂപ കുറഞ്ഞു. ഗ്രാമിന് 145 രൂപ. ജിഎസ്ടി നിലവില്‍ വന്ന ജൂലൈ ഒന്നിന് പവന് 20,735 രൂപയായിരുന്നത് തിങ്കളാഴ്ച 2590 ആയി. ഉടനെയൊന്നും കൂടാനിടയില്ല.
കേന്ദ്ര നികുതിയും വാറ്റുമുള്‍പ്പെടെ ആറുശതമാനം നികുതിയായിരുന്നു സ്വര്‍ണ്ണത്തിന് കേരളത്തില്‍. വാറ്റ് നികുതി ഇവിടെ അഞ്ചുശതമാനവും രാജ്യത്ത് മറ്റെവിടെയും ഒരു ശതമാനവും. ജിഎസ്ടിയില്‍ ഏകീകരിച്ച നികുതി മൂന്നു ശതമാനമായി.
സ്വര്‍ണ്ണവിലയില്‍ മുമ്പ് ഈടാക്കിയിരുന്ന ഒരു ശതമാനം കേന്ദ്രനികുതി ജിഎസ്ടി വന്നതോടെ വ്യാപാരികള്‍ക്ക് ഇനി തിരികെ കിട്ടുന്ന പുതിയ സാഹചര്യം വന്നു. ഈ പണം സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് നേട്ടമായി നല്‍കാനുള്ള വ്യാപാരികളുടെ തീരുമാനമാണ് വാസ്തവത്തില്‍ സ്വര്‍ണ്ണ വിലകുറയാനുള്ള പ്രധാനകാരണങ്ങളിലൊന്ന്. അന്താരാഷ്‌ട്ര മാര്‍ക്കറ്റിലെ വിലയിടിവും സഹായകമായി. ജിഎസ്ടി നടപ്പായതോടെ വന്ന നികുതിയിളവ് വാങ്ങുന്നവര്‍ക്ക് പണക്കൂലിക്കുറവും മറ്റ് ഡിസ്‌കൗണ്ടുകളുമായി നല്‍കുമെന്ന് മലബാര്‍ ഗോള്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച മുതലാണ് ഗ്രാമിന് 145 രൂപ കുറച്ചുകൊണ്ട് കേരളത്തില്‍ സ്വര്‍ണ്ണവില നിരക്ക് പുതുക്കി നടപ്പാക്കിയത്.
ജിഎസ്ടി സ്വര്‍ണ്ണമാര്‍ക്കറ്റില്‍ കാര്യമായ നേട്ടമുണ്ടാക്കുമെന്ന് ആലുക്കാസ് ജ്വല്ലറി മാര്‍ക്കറ്റിഗ് മാനേജര്‍ അനീഷ് വര്‍ഗീസ് പറഞ്ഞു. പുതിയ നികുതി സമ്പ്രദായം സ്വര്‍ണ്ണം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് നേട്ടമുണ്ടാക്കും. ആ നേട്ടം അവര്‍ക്ക് ഉറപ്പാക്കാന്‍ ഈ വിലക്കുറവിനു കഴിയും, അനീഷ് പറഞ്ഞു.
ജിഎസ്ടിയെ സ്വാഗതം ചെയ്യുന്നുവെന്നും സ്വര്‍ണ്ണവിപണിയിലെ ഈ വിലക്കുറവ് വ്യാപാര മേഖലയ്‌ക്കും സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്കും ഒരുപോലെ നേട്ടമുണ്ടാക്കുമെന്നും ജോസ്‌കോ ജ്വല്ലേഴ്‌സ് ഡയറക്ടര്‍ ബാബു ഫിലിപ് പറഞ്ഞു. ചില ആശയക്കുഴപ്പങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ട്. അത് പറഞ്ഞു മാറ്റുന്നുണ്ട്, ബാബു പറഞ്ഞു.
















