ചങ്ങനാശേരി: സ്വാമി ആതുരദാസ് ജനങ്ങള്‍ക്കു വേണ്ടി ചിന്തിച്ച മനുഷ്യ സ്‌നേഹിയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സ്വാമിയെക്കുറിച്ച് ജ്വലിക്കുന്ന ഓര്‍മ്മകളാണുള്ളത്. തന്റെ ചെറുപ്പകാലത്ത് അഛനോടൊപ്പം സ്വാമിയെ സന്ദര്‍ശിക്കുമ്പോള്‍ പഠിച്ച് വലിയ ആളാകണമെന്നല്ല അദ്ദേഹം പറഞ്ഞിരുന്നത്. നാട്ടിലെ ജനങ്ങളെ ഒരിക്കലും മറക്കരുതെന്ന ഉപദേശമാണ് നല്കിയിരുന്നത്. കുറിച്ചി ആതുരാശ്രമത്തിന്റെ 80-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകകയായിരുന്നു അദ്ദേഹം.
ചെറുപ്പകാലത്തു തന്നെ ത്യാഗം സഹിച്ചും കഠിനാധ്വാനം ചെയ്തുമാണ് ഇന്നു കാണുന്ന ആതുരാശ്രമം സ്ഥാപനങ്ങള്‍ സ്വാമി കെട്ടിപ്പടുത്തത്. ഈ പ്രദേശത്തെ സാമൂഹ്യ അദ്ധ്യാത്മിക ജീവിതത്തില്‍ ശക്തമായ സ്വാധീനം അദ്ദേഹം ചെലുത്തിയിരുന്നു. ഇത്രയധികം സന്യാസി ശ്രേഷ്ഠന്മാര്‍ ഒരിടത്തു സംഗമിക്കുന്നത് ഈ ആശ്രമത്തിന്റെ പ്രത്യേകതയാണ്. ആതുരാശ്രമം കേരളത്തിലും ഇന്ത്യയിലും അറിയപ്പെടുന്നു. സ്വാമിയുടെ സുഹൃദ്ബന്ധം ഏതു സംസ്ഥാനത്തു ചെന്നാലും കാണാന്‍ കഴിയും. സ്വാമിയുടെ സ്വപ്‌നങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ആശ്രമത്തിനു സാധിക്കണം. രാഷ്‌ട്രീയക്കാരുടെ പ്രവര്‍ത്തനത്തിലൂടെയല്ല ഭാരത സംസകാരം രൂപീകൃതമായത്. സര്‍വസംഗപരിത്യാഗികളായ ഋഷിവര്യന്മാരുടെ പ്രവര്‍ത്തനവും തപസുമാണ് ഭാരത സംസ്‌കാരത്തിന്റെ പ്രഭാവത്തിനു കാരണം. മറ്റുരാജ്യങ്ങളില്‍ ഭരണമാറ്റത്തിലൂടെ സംസ്‌കാരം മാറുന്നു. ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യവും കോളനി വാഴ്ചയും ഉണ്ടായെങ്കിലും നമ്മുടെ സനാതന ധര്‍മ്മവും സംസ്‌കാരവും നഷ്ടമാകാത്തതിന് കാരണമിതാണ്.
ജയന്തി സമ്മേളനം വനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നില്‍ സുരേഷ് എം.പി.അദ്ധ്യക്ഷനായി. സി.എഫ്.തോമസ് എംഎല്‍എ മുഖ്യ പ്രഭാഷണവും അഡ്വ.എം.പി.ഗോവിന്ദന്‍ നായര്‍ അനുസ്മരണ പ്രഭാഷണവും ആര്‍ച്ച് ബിഷപ് കുറിയാക്കോസ് മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, സ്വാമി ധര്‍മ്മ ചൈതന്യ, സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങളും നടത്തി. ആതുര സേവാസംഘം പ്രസിഡന്റ് പി.ഗോപാലകൃഷ്ണന്‍ നായര്‍, ആര്‍.രാജഗോപാല്‍, ഡോ.കെ.ആര്‍.ജനാര്‍ദ്ദനന്‍ നായര്‍, ഡോ.ആര്‍.വേണുഗോപാല്‍, ഡോ.എസ്.മാധവന്‍ നായര്‍, അഡ്വ.എ.ജയചന്ദ്രന്‍, ഡോ.ഇ.കെ.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
















