മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനെ പിന്നീട് പ്രഖ്യാപിക്കുമെന്ന് മുന്‍ ക്യാപ്റ്റനും ബിസിസിഐ ഉപദേശക സമിതി അംഗവുമായ സൗരവ് ഗാംഗുലി. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി സംസാരിച്ച ശേഷമാകും പ്രഖ്യാപനമുണ്ടാവുകയെന്നും ഗാംഗുലി അറിയിച്ചു.
പരിശീലകനെ തെരഞ്ഞെടുക്കുന്നതിനായുള്ള അഭിമുഖത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിസിസിഐ ഉപദേശക സമിതിയാണ് പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നടത്തുന്നത്. ഗാംഗുലിയെ കൂടാതെ സച്ചിനും ലക്ഷ്മണും ആണ് ഉപദേശകസമിതിയിലുള്ളത്.
ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേയ്‌ക്ക് അപേക്ഷ നല്‍കിയത് 10 പേരാണ്. അതില്‍ ആറുപേരും ഇന്ത്യക്കാരാണെന്നാണ് സൂചന അഭിമുഖത്തിനു ക്ഷണിക്കുന്നതിനായി ഇവരില്‍നിന്ന് ആറുപേരുടെ ചുരുക്കപ്പട്ടികയാണ് തയാറാക്കിയിരുന്നത്. ശാസ്ത്രി, സേവാഗ്, മൂഡി, സിമ്മണ്‍സ്, പൈബസ്, രജ്പുത്ത് എന്നിവരാണ് അവസാന ആറുപേരില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ജൂലൈ 21ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുന്പ് പരിശീലകനെ പ്രഖ്യാപിക്കും. പരിശീലകസ്ഥാനത്തുനിന്ന് അനില്‍ കുംബ്ലെ ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ പരിശീലകനെ തേടുന്നത്. ക്യാപ്റ്റന്‍ കോഹ് ലിമായുണ്ടായ തര്‍ക്കങ്ങളാണ് കുംബ്ലെയുടെ രാജിയില്‍ കലാശിച്ചത്.
















