അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പതക്കം മോഷണം പോയ കേസ് അന്വഷണ സംഘം അട്ടിമറിക്കുന്നതായി ആക്ഷേപം. സംഭവം നടന്ന് മൂന്നു മാസം പിന്നിട്ടിട്ടും ഇതിലെ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് പോലീസ് സേനയ്‌ക്ക് തന്നെ തന്നെ നാണക്കേടായി മാറി.
കഴിഞ്ഞ വിഷുവിനാണ് നവരത്‌നങ്ങള്‍ പതിച്ച തിരുവാഭരണത്തിലെ പതക്കം കാണാതായ വിവരം അറയുന്നത്. പരാതി ലഭിച്ച അന്നു മുതല്‍ തന്നെ മേല്‍ശാന്തി, ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്രജീവനക്കാരുമടക്കം അന്‍പതോളം പേരെ പോലിസ് ചോദ്യം ചെയ്തു.
തൊട്ടടുത്ത ദിവസം കേസന്വഷണം ക്രൈംബ്രാഞ്ചിനു കൈമാറി.അന്വഷണം പുരോഗമിക്കുന്നതിനിടെയാണ് മെയ് 23 ന് നാടകീയമായി പതക്കം രൂപമാറ്റം വരുത്തിയ നിലയില്‍ രണ്ട് കാണിക്കവഞ്ചികളില്‍ നിന്നായി ലദിച്ചത്. ഇതിനു ശേഷം ഒരു മാസം പിന്നിട്ടിട്ടും കേസന്വഷണം എങ്ങും എത്തിയില്ല.
വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന പതക്കത്തിന്റെ ഉത്തരവാദിത്തം മേല്‍ശാന്തിമാര്‍ക്കാണ്. ആറാട്ടു ദിവസം ചടങ്ങുകള്‍ക്കു ശേഷം ഇത് സ്‌ട്രോങ്ങ് റൂമില്‍ എത്തിച്ചുവെന്ന് ഇവര്‍ പറയുന്നുണ്ടങ്കിലും വിഷുവിന് തിരുവാഭരണം ചാര്‍ത്തിയിരുന്നില്ല. ഇതാണ് പിന്നീട് വിവാദമായത്.
ഒടുവില്‍ അഞ്ചുപേരിലേക്ക് അന്വഷണം എത്തിയെന്ന് പോലീസ് പറയുമ്പോഴും ഒരാളെ പോലും കസ്റ്റഡിയില്‍ എടുക്കാന്‍ അന്വഷണ സംഘത്തിന് പിന്നിട്ടിട്ടും കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തിലെ ഒരു ജീവനക്കാരന്റെ തലയില്‍ കെട്ടിവെച്ച് അന്വഷണം അവസാനിപ്പിക്കുവാനുള്ള ചിലരുടെ ഗൂഢശ്രമത്തിനു കൂട്ടുനില്‍ക്കുകയാണ് അന്വഷണ സംഘമെന്നാണ് ആക്ഷേപം ഉയരുന്നത്.
ഏറെ പ്രമാദമായ ഈ കേസില്‍ ഒരു തുമ്പു പോലും കണ്ടെത്താന്‍ കഴിയാത്ത അന്വഷണ സംഘത്തിന്റെ നിലപാട് വിവാദമായിരിക്കുകയാണ്. കേസ് അട്ടിമറിക്കുവാനാണ് അന്വഷണം ക്രൈംബ്രാഞ്ചിനു കൈമാറിയതെന്നും പറയുന്നു.
പതക്കം ഉരുക്കി വിദേശത്തേയ്‌ക്ക് കടത്തുവാന്‍ ശ്രമിച്ചുവെന്ന് സൂചനയുണ്ട്.പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചന പോലിസിനു ലഭിച്ചിട്ടും കസ്റ്റഡിയില്‍ എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തതില്‍ ദുരൂഹതയുണ്ട്.
101 നാളികേരമുടയ്‌ക്കല്‍ ഇന്ന്
അമ്പലപ്പുഴ: ഭഗവാന്റെ പതക്കം മോഷ്ടിച്ച പ്രതികളെ പിടിക്കുന്നതില്‍ പരാജയപ്പെട്ട പോലീസ് സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പുറത്തു വരുന്നതിനു വേണ്ടി വിഘ്‌നേശ്വരന് 101 നാളികേരം ഉടയ്‌ക്കുന്നു. ഇന്ന് രാവിലെ 9ന് അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍ നിന്നും ക്ഷേത്രത്തിലേക്ക് പ്രകടനമായി വന്നാണ് നാളികേരം ഉടയ്‌ക്കുന്നത്. ഭഗവാന്റെ തിരുവാഭരണം നഷ്ടപ്പെട്ട് നൂറുനാള്‍ കഴിഞ്ഞിട്ടും കുറ്റവാളി ആരെന്ന് കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഹിന്ദു ഐക്യവേദി, അയ്യപ്പ സേവാ സംഘം തുടങ്ങി ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ കര്‍മ്മസമിതി രൂപികരിച്ച് പ്രക്ഷോഭങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കെയാണ് ഇപ്പോള്‍ പോലീസിനു സദ്ബുദ്ധി തോന്നാന്‍ നാളികേരം ഉടയ്‌ക്കാന്‍ തീരുമാനിച്ചതെന്ന് കര്‍മ്മസമിതി നേതാക്കളായ ആര്‍. ശങ്കരന്‍ നായര്‍, അനില്‍ പാഞ്ചജന്യം, ഡി. സുബാഷ്, ശ്രീകുമാര്‍ ചേരാവള്ളില്‍ തുടങ്ങിയവര്‍ അറിയിച്ചു.
















